24 July Saturday
9 ഫലങ്ങൾ നെഗറ്റീവ്‌

ജില്ലയ്‌ക്ക്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 പത്തനംതിട്ട

ജില്ലയ്‌ക്ക്‌ ആശ്വാസത്തിന്റെ ദിനങ്ങളാണ്‌ ഓരോന്നും. തുടർച്ചയായ ദിവസങ്ങളിൽ കോവിഡ്‌ ഫലങ്ങളിൽ കാണുന്നത്‌ ഭയപ്പെടാനില്ലെന്നതിന്റെ സൂചനകളാണ്‌.  ഞായറാഴ്‌ച രാത്രി വൈകിവന്ന ഒൻപതുപരിശോധന ഫലവും നെഗറ്റീവാണെന്നു കണ്ടെത്തി. ഇതോടെ രണ്ടു ദിവസങ്ങളിലായി 14 പേർക്കാണ്‌ കോറോണ  വൈറസ്‌ ഇല്ലെന്ന്‌ കണ്ടെത്തിയത്‌.  തിങ്കളാഴ്‌ച സർവൈലൻസ് ആക്ടിവിറ്റികൾ വഴി നാല് വിദൂര സമ്പർക്കം കണ്ടെത്തി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 14 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആറു പേരും ഒരാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും  ഐസൊലേഷനിൽ ഉണ്ട്.
 21 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
തിങ്കളാഴ്‌ച പുതുതായി മൂന്നു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
 11 പേരെകൂടി തിങ്കളാഴ്‌ച ഡിസ്ചാർജ് ചെയ്തു. ഇതോടെ 33 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. വീടുകളിൽ 1254 പേർ നിരീക്ഷണത്തിലുണ്ട്‌.  ഇതുവരെ  അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പോസിറ്റീവായും 51 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 12  സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയിൽ എത്തിയ 6050 അയ്യപ്പഭക്തന്മാരെ ഇതുവരെ സ്‌ക്രീൻ ചെയ്തു. തിങ്കളാഴ്‌ച പരിശോധിച്ചവരിൽ ആർക്കും പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്ന 765 പേരെ  തിരുവല്ല റെയിൽവേ സ്‌റ്റേഷനിലും, ജില്ലയിലെ വിവിധ ബസ് സ്‌റ്റേഷനുകളിലും സ്‌ക്രീനിങിന് വിധേയമാക്കി. ഇവരിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേരെ നിർബന്ധിത ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിൽനിന്ന്‌ പത്തനംതിട്ടയിലേയ്ക്ക് യാത്ര ചെയ്യുന്ന ഏഴ് നഴ്‌സിങ്‌ വിദ്യാർഥിനികളെ സുരക്ഷിതമായി വീടുകളിൽ നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങൾ ചെയ്തു. കൽബുർഗിയിൽ നിന്ന്‌ യാത്ര ചെയ്യുന്ന പത്തനംതിട്ട സ്വദേശികളായ വിദ്യാർഥികളെ സുരക്ഷിതമായി വീടുകളിൽ നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
ജില്ലയിലെ എംഎൽഎമാരുടെ നേതൃത്വത്തിൽ അഞ്ചു നിയോജക മണ്ഡലങ്ങളിലും പരിശീലനങ്ങൾ നടന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top