30 May Saturday

അടൂരിൽ 629 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 അടൂർ

കോവിഡ് -19 രോഗം റിപ്പോർട്ട്‌ ചെയ്‌ത സാഹചര്യത്തിൽ അടൂർ നിയോജക മണ്ഡലത്തിൽ 629 പേർ നിരീക്ഷണത്തിൽ. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ആർഡിഒ ഓഫീസിൽ ചേർന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരെയാണ് അവരവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കിയത്. ഇവർ പുറത്തിറങ്ങുകയോ മറ്റ് ആളുകളുമായി ഇടപെഴുകയോ ചെയ്യുന്നത് ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് നടപടി സ്വീകരിക്കണമെന്നും ഓരോ വാർഡിലും ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി വർക്കർ, ഹെൽപ്പർ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ടീം രൂപീകരിച്ച് നിരീക്ഷണത്തിലുള്ളവരെ നിരീക്ഷിക്കുന്നതിനും വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ വിവരശേഖരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. ദേവാലയങ്ങളിൽ ആളുകൾ കൂടുന്ന പരിപാടികളും ക്ഷേത്ര ഉത്സവങ്ങളും മറ്റ് ആഘോഷ പരിപാടികളും മാറ്റിവെക്കണമെന്ന് കലക്ടറുടെ നിരോധന ഉത്തരവ് കർശനമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിവാഹങ്ങളും മറ്റ് ചടങ്ങുകളും 15-ൽ കൂടാതെയുള്ള ആളുകളുടെ സാന്നിധ്യത്തിൽ മാത്രം ലളിതമായി നടത്തണമെന്നും യോഗം നിർദേശിച്ചു. കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലും ജനറൽ ആശുപത്രിയിലും ഹെൽപ്പ് ഡെസ്‌ക്ക് സംവിധാനം ഏർപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ 28 ദിവസം വീടുകളിൽ തന്നെ കഴിയണമെന്നും രോഗലക്ഷണമുണ്ടെന്ന് കണ്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച്‌ ആശുപത്രിയിലേക്ക് മാറണമെന്നും യോഗം അഭ്യർഥിച്ചു. തുമ്പമൺ പഞ്ചായത്തിൽ 30, ഏനാദിമംഗലത്ത്‌ 33, ഏറത്ത് 59, കൊടുമണ്ണിൽ 94, ഏഴംകുളത്ത്‌ 103, കടമ്പനാട് 50, പള്ളിക്കൽ പഞ്ചായത്തിൽ 79, പന്തളം തെക്കേക്കരയിൽ 58, പന്തളം നഗരസഭയിൽ 108, അടൂർ നഗരസഭയിൽ 30 പേരുമാണ് നിരീക്ഷണത്തിലുള്ളത്. അടൂർ ജനറൽ ആശുപത്രിയിൽ 130 പേർ നേരിട്ടെത്തി റിപ്പോർട്ട് ചെയ്തതായി ആശുപത്രി സൂപ്രണ്ട് എസ് സുഭഗൻ യോഗത്തെ അറിയിച്ചു. യോഗത്തിൽ ആർ ഡി ഒ പി കെ ഏബ്രഹാം, തഹസീൽദാർ, മെഡിക്കൽ ഓഫീസർമാരും പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top