04 April Saturday

ചുവന്ന്‌ പന്തളം

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് പന്തളത്ത് നടന്ന പ്രകടനം

 പന്തളം

അവകാശങ്ങൾക്കായി അടർക്കളത്തിൽ അണിചേരാൻ പ്രതിജ്ഞയെടുത്ത് പന്തളത്ത് പണിയാളരുടെ മഹാപ്രകടനം. മണ്ണിന്റെ മക്കളും വയലേലകളുടെ കാവൽക്കാരുമായ പതിനായിരങ്ങൾ കരിങ്ങാലി പുഞ്ചയുടെ ഓരത്തുള്ള പന്തളത്തിന്റെ ഹൃദയഭൂമിയിൽ ചെങ്കടലായൊഴുകി. ചെങ്കൊടികൾ ഉയരെയും മുദ്രാവാക്യങ്ങൾ ഉറക്കെയുമായിരുന്നു. കർഷക തൊഴിലാളി യൂണിയന്റെ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് വാദ്യമേളങ്ങളോടെ പന്തളത്ത് നടന്ന പടുകൂറ്റൻ പ്രകടനം തെരുവോരങ്ങളെ പ്രകമ്പനം കൊള്ളിച്ചു. പ്രകടനത്തിനിരുപുറവും അഭിവാദ്യങ്ങൾ അർപ്പിച്ച്  വർഗബഹുജന സംഘടനകൾ നിരന്നു. 
മെഡിക്കൽ മിഷൻ ആശുപത്രി ജങ്‌ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പ്രൈവറ്റ് ബസ്റ്റാൻഡിൽ സമാപിച്ചു.പൊതു സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു ജില്ലാ പ്രസിഡൻറ് പി എസ് കൃഷ്ണകുമാർ അധ്യക്ഷനായി. സിപി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ അനന്തഗോപൻ, അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ,  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ഡി ബൈജു, അഡ്വ. ആർ സനൽകുമാർ, പന്തളം ഏരിയ സെക്രട്ടറി ഇ ഫസൽ, കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എൻ ശശി, മത്തായി ചാക്കോ, തങ്കമണി നാണപ്പൻ, ട്രഷറർ എം എസ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top