01 April Wednesday
എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു

അഴിമതി രഹിത ജനപക്ഷ സിവി‍ൽ സർവീസിനായി അണിനിരക്കുക

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

 റാന്നി

ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം സിവിൽ സർവീസിനാണെന്നും അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസിനായുള്ള പോരാട്ടങ്ങളിൽ അണിനിരക്കണമെന്നും ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജി ധന്യ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിൻമേൽ വി എസ് സതീശൻ (മല്ലപ്പള്ളി), ടി വിജയകുമാർ (തിരുവല്ല), പി കെ ഗീതാകുമാരി (ടൗൺ), എസ് സുഗന്ധി  (കോന്നി), എ ജെ ഡേവിഡ് (റാന്നി), എം എ സാജിത (സിവിൽ സ്റ്റേഷൻ), ടി കെ സുനിൽബാബു (അടൂർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചക്ക് സംസ്ഥാന ട്രഷറർ എൻ നിമൽരാജ് മറുപടി പറഞ്ഞു. 
ഭരണഘടനാ സംരക്ഷണവും തൊഴിലാളി വർഗ പോരാട്ടങ്ങളും എന്ന വിഷയത്തിൽ  കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രഭാഷണം നടത്തി. സുഹൃദ് സമ്മേളനം കേരള ഷോപ്പ്സ് ആൻഡ്‌  കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ  പ്രസിഡന്റ് സി വി സുരേഷ്‌ കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതം ആശംസിച്ചു. രാജൻ ഡി ബോസ് (കെഎസ്‌ടിഎ),പി സനൽകുമാ‍ർ (കെജിഒഎ), ബിജു തങ്കപ്പൻ  (കെഎസ്‌ഇബി വർക്കേഴ്സ് ),  എം കെ വിജയൻ (‌കെഎസ്‌ആർടിഇഎ), കെ കെ ജഗദമ്മ, (എൻഎഫ്‌പിഇ), എം പി വിനോദ് (കെഎംസിഎസ്‌യു),  വിവേക് ജേക്കബ് ഏബ്രഹാം (എകെപിസിടിഎ),  കെ ജി ഗീതാമണി, (കെജിഎൻഎ) എന്നിവർ അഭിവാദ്യം ചെയ്‌തു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ബിനു കൃതജ്ഞത രേഖപ്പെടുത്തി. 
ജില്ലാ വനിത സബ് കമ്മിറ്റി കൺവീനറായി വി പി തനൂജ, ജോയിന്റ് കൺവീനർമാരായി കെ ബി സുജാതാകുമാരി, ജെ ആശാദേവി എന്നിവരെ തെരഞ്ഞെടുത്തു. 
 
 
പ്രധാന വാർത്തകൾ
 Top