21 February Thursday
പുല്ലാട്ടെ അക്രമ പരമ്പര

16 ആർഎസ‌്എസുകാർ റിമാൻഡിൽ

സ്വന്തം ലേഖകൻUpdated: Thursday Jan 17, 2019

 ഇരവിപേരൂർ

ശബരിമലയുടെ മറവിൽ  ജനുവരി മൂന്നിന് പുല്ലാട്ട്  അക്രമം അഴിച്ചുവിടുകയും പൊലീസ് വാഹനം അടിച്ചു തകർക്കുകയും, അഡീഷണൽ സബ് ഇൻസ്പെക്ട്രറെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്ത പതിനാറ‌് ആർഎസ‌്എസുകാരെ കോടതി റിമാൻഡ‌് ചെയ്തു. സോനു സോമൻ (27),രാഹുൽ (22), സുധീപ് (28),രാജ് പ്രഭു (27),മോഹനൻ (28),പ്രതീഷ് (24),വൈശാഖ് (26),രാഘേഷ് (24), പ്രസാദ് (24 ),സോനു തോമസ് (25), വിപിൻ (23),വിഷ്ണു (25),  സേതു(25) എന്നിവരാണ് റിമാൻഡിലായത്.മൂന്ന‌് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ജുവനൈൽ ഹോമിലാക്കി.  
യുവതികൾ ശബരിമലയിൽ പ്രവേശിച്ചെന്ന വാർത്ത പുറത്തറിഞ്ഞ നിമിഷം മുതൽ ഇവർ അക്രമം തുടങ്ങിയിരുന്നു.രണ്ടാം തീയതി  തുറന്നു പ്രവർത്തിച്ച കടകൾക്കും സ്ഥാപനങ്ങൾക്കും നേരെ തിരിഞ്ഞു .ജനങ്ങളിൽ ഭീതി പരത്തി ഹർത്താൽ വിജയിപ്പിക്കുക എന്ന തന്ത്രമാണ് ആദ്യം പരീക്ഷിച്ചത്. 
അടുത്ത ദിവസം പുലർച്ചെയോടെ  സിപിഐ എം പുല്ലാട് ലോക്കൽ കമ്മിറ്റി ഓഫീസിന‌് നേരെ ആക്രമണം അഴിച്ചുവിട്ടു കൊണ്ടാണ് ഹർത്താൽ ദിന പരിപാടികൾ അരങ്ങേറിയത്. ഇതിൽ പ്രതിഷേധിച്ച് സിപിഐ എം തിരിച്ചടിക്കുമെന്നും കലാപം അഴിച്ചു വിടാമെന്നും മോഹിച്ച് ആർഎസ‌്എസ‌് കാത്തിരുന്നു .എന്നാൽ സിപിഐ എം നേതൃത്വത്തിൽ സമാധാനപരമായി പ്രതിഷേധ പ്രകടനവും യോഗവും നടത്തി പിരിഞ്ഞു. പ്രകടനത്തിന‌് നേരെ ഇരുചക്രവാഹനം ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിക്കാനും ശ്രമമുണ്ടായി.തികഞ്ഞ സംയമനത്തോടെയാണ് സിപിഐ എം ഇതിനെ നേരിട്ടത്. കലാപമോഹം പൊലിഞ്ഞതോടെ വീണ്ടും ലോക്കൽ കമ്മിറ്റി ഓഫീസിന‌് നേരെ തിരിഞ്ഞു. വാതിലുകൾ തകർത്ത് ഉളളിൽ പ്രവേശിച്ച സംഘം ഫർണീച്ചറുകളും ടെലിവിഷനും തല്ലി തകർത്തു.തുടർന്ന് പ്രകടനമായി എത്തി പൊലീസിന‌് നേരെ തിരിയുകയായിരുന്നു. പൊലീസ് വാഹനം തല്ലിതകർത്ത ശേഷം പൊലീസിനെയും കടന്നാക്രമിച്ചു. അഡീഷണൽ എസ്ഐ കവിരാജിന‌് നേരെ വധശ്രമവുമുണ്ടായി.ഗുരുതര പരിക്കാണ് അദ്ദേഹത്തിനുണ്ടായത്.
പൊതുമുതൽ നശിപ്പിക്കൽ, ഡ്യൂട്ടിക്കിടെ മാരകായുധങ്ങളുമായി അന്യായമായി സംഘം ചേർന്ന് ലഹളയുണ്ടാക്കൽ,പൊലിസിന്റെ ഒദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ,വധശ്രമം, തുടങ്ങി ജാമ്യമില്ലാ വകപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അവശേഷിക്കുന്ന പ്രതികളുടെ വിവരം പൊലീസിന‌് ലഭിച്ചു.

 

പ്രധാന വാർത്തകൾ
 Top