08 December Wednesday

പഠിച്ചാൽ പത്രമെങ്കിലും വായിക്കാല്ലോ...

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021

അടൂർ മഹാത്മാ ജനസേവനകേന്ദ്രത്തിൽ നടി സീമാ ജി നായർ മുത്തശ്ശിമാരെ ആദ്യാക്ഷരം എഴുതിക്കുന്നു

 

അടൂർ
അറിയാതെ കടന്നുപോയ ബാല്യം, അറിവ് നേടാനാകാത്ത കൗമാരം, ജീവിക്കാൻ പൊരുതിയ യൗവനം, അവഗണന മാത്രം കിട്ടിയ വാർധക്യം. കഥകൾ പറയാനേറെയുണ്ട്  മഹാത്മയിലെ വയോജനങ്ങൾക്ക്. വിജയദശമി ദിനത്തിൽ മൂന്ന് മുത്തശ്ശിമാരുടെ ആഗ്രഹമാണ് അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിൽ സഫലമായത്‌. പഠിച്ചാൽ പത്രമെങ്കിലും വായിക്കാമെന്ന ഇവരുടെ ആഗ്രഹത്തിന് മുന്നിൽ മഹാത്മയിൽ അറിവിന്റെ അരങ്ങൊരുങ്ങി. 
അറുപതുകാരിയായ മീനാക്ഷിയമ്മയാണ് ആദ്യം ആ ആഗ്രഹം മഹാത്മയുടെ ചെയർമാൻ രാജേഷ് തിരുവല്ലയെ അറിയിച്ചത്. അക്ഷരം പഠിക്കണം. ആശാൻ കളരിയോ പള്ളിക്കൂടമോ കണ്ടിട്ടില്ല. വീട് കോന്നി ആനക്കൂടിന് സമീപമെവിടെയോ ആയിരുന്നു. കൊടും ദാരിദ്ര്യകാലത്ത് അച്ഛനും അമ്മയും പൂക്കോടുള്ള ഒരു വീട്ടിലെത്തിച്ചു. ആ വീട്ടിൽ വേലക്കാരിയായികഴിഞ്ഞു. വളർത്തമ്മ മരിച്ചതോടെ കൂടെ വളർന്നവർ കുത്തിനോവിച്ചു തുടങ്ങി. ഉണങ്ങാത്തൊരു മുറിവ് വൃണമായി പൊട്ടിയൊഴുകിയപ്പോൾ ചികിത്സ പോലും നല്കാതെ അവർ പുറത്താക്കി. പോകാനിടമില്ലാതെ കടത്തിണ്ണകളിൽ ഇടം തേടിയപ്പോഴാണ് ഇലന്തൂരിലെ പഞ്ചായത്തംഗം ഗീതയുടെ സഹായത്താൽ മഹാത്മയിലെത്തിയത്. ഇവിടെ ഏഴ് വർഷമാകുന്നു. മീനാക്ഷിയുടെ അക്ഷരത്തോടുള്ള ആഗ്രഹം കേട്ടുനിന്നപ്പോഴാണ് പ്രതീക്ഷയോടെ മറ്റ് രണ്ടുപേർ കൂടി എത്തിയത്. 
തുമ്പമൺ സ്വദേശിനി കല്യാണിയമ്മ(75), മണ്ണടി സ്വദേശിനി ഭാരതിയമ്മ (86) എന്നിവരായിരുന്നു അത്. ഭർത്താവ് മരണപ്പെടുകയും സംരക്ഷിക്കാൻ മക്കളില്ലാത്തതുമായ സാഹചര്യത്തിൽ എത്തിയ കല്യാണിയമ്മയും അവിവാഹിതയായതിനാൽ വാർധക്യത്തിൽ ഒറ്റപ്പെട്ട ഭാരതിയമ്മയും അക്ഷരമറിയാത്തവരാണ്. തിരക്കുകൾക്ക് അവധി നൽകി കൊച്ചിയിലെ ഷൂട്ടിങ്‌ ലൊക്കേഷനിൽ നിന്നും നടി സീമാ ജി നായർ അമ്മമാരെ എഴുതിക്കാനെത്തി. മഹാത്മ സെക്രട്ടറി പ്രീഷിൽഡ മധുരവും പുതുവസ്ത്രങ്ങളും വിതരണം ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top