24 November Tuesday
മേൽ ശാന്തി നറുക്കെടുപ്പ്‌

കൗശിക്കും ഋഷികേശും ഇന്ന് മല കയറും

സ്വന്തം ലേഖകൻUpdated: Friday Oct 16, 2020
 
പന്തളം
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കിട്ടെടുക്കുന്നതിന്‌ പന്തളം കൊട്ടാരത്തിൽനിന്നുള്ള കൗശിക് കെ വർമയും ഋഷികേശ് വർമയും വെള്ളിയാഴ്ച മലകയറും. പന്തളം കൊട്ടാരം  രേവതിനാൾ പി രാമവർമ രാജയും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികളും ചേർന്നാണ് ശബരിമല നറുക്കെടുപ്പിനുള്ള കുട്ടികളെ തെരഞ്ഞെടുത്തത്. 2011-ലെ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമാണ് പന്തളം കൊട്ടാരം പ്രതിനിധി നിർദ്ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചു തുടങ്ങിയത്. 
ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വർഷം മേൽശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് 17-ന് രാവിലെ ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്. 
ശബരിമലയിലെ നറുക്കെടുപ്പിന് ആൺകുട്ടിയേയും മാളികപ്പുറം നറുക്കെടുപ്പിന് പെൺകുട്ടിയേയുമാണ് അയച്ചിരുന്നത്. കോവിഡ്‌ നിയന്ത്രണങ്ങൾ കാരണം ഇത്തവണ രണ്ട് ആൺകുട്ടികളെയാണ്  അയക്കാൻ കൊട്ടാരം തീരുമാനിച്ചത്. 
പന്തളം നാലുകെട്ട് കൊട്ടാരത്തിൽ കേരളവർമയുടെയും പള്ളം കൊട്ടാരത്തിൽ സീതാലക്ഷ്മി വർമയുടെയും മകനാണ് കൗശിക് കെ വർമ. പന്തളം എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. 
കൈപ്പുഴ മുണ്ടയ്ക്കൽ കൊട്ടാരത്തിലെ അനൂപ് വർമയുടെയും എറണാകുളം മംഗള മഠത്തിൽ പാർവ്വതീ വർമയുടെയും മകനാണ് ഋഷികേശ് വർമ. എറണാകുളം ഭവൻസ് വിദ്യാമന്ദിറിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മുൻ രാജപ്രതിനിധി രാഘവ വർമ രാജയുടെ കൊച്ച് അനന്തരവൻകൂടിയാണു ഋഷികേശ്. 
16-ന് ഉച്ചയ്ക്ക് പന്തളം തിരുവാഭരണ മാളികയ്‌ക്കു മുമ്പിൽ കെട്ടുനിറച്ച് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഇവർ ശബരിമലയിലേക്ക് തിരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top