22 October Tuesday

വൈദ്യുത അപകടം: ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

  

പത്തനംതിട്ട
വൈദ്യുത അപകടങ്ങൾ ഒഴിവാക്കുന്നതിന് ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി അധികൃതർ. ഇടിയും മിന്നലും മാത്രമല്ല, അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ജീവൻ അപകടത്തിലാകാതിരിക്കാൻ നിർദേശങ്ങൾ പാലിക്കുക.
രാത്രി കാലത്ത് ശക്തമായ കാറ്റും മഴയും മൂലം ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ  പൊട്ടികിടക്കുന്ന വൈദ്യുതി കമ്പികളിൽ സ്പർശിക്കരുത്. മഴക്കാലത്ത് വെളിച്ചമില്ലാതെ രാത്രി കാലങ്ങളിലും, അതിരാവിലെയും യാത്ര ചെയ്യരുത്. വൈദ്യുതി കമ്പികൾ പൊട്ടി വീണതായി ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ വിവരം അറിയിക്കുകയോ അല്ലെങ്കിൽ 1912 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. കാലവർഷത്തിന് മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞ് നിൽക്കുന്നതും വീഴാറായതുമായ മരങ്ങൾ വെട്ടി മാറ്റുന്നതിനും വൈദ്യുതി പുനസ്ഥാപിക്കുന്നതുമായും ബന്ധപ്പെട്ട‌് വൈദ്യുതി ബോർഡ് ജീവനക്കാരുമായി സഹകരിക്കുക. സമീപമുള്ള മരങ്ങളിൽ നിന്നും കായ്ഫലങ്ങൾ പറിക്കുമ്പോൾ ഇരുമ്പ്, അലൂമിനിയം തുടങ്ങിയവ കൊണ്ടുള്ള ലോഹത്തോട്ടികൾ ഒരു കാരണവശാലും വൈദ്യുതി ലൈനുകൾക്ക് സമീപം ഉയർത്തരുത്. സർവീസ് വയർ കേബിളുകളിൽ സ്പർശിക്കരുത്. നനഞ്ഞ കൈകൾ കൊണ്ട് സ്വിച്ച് ഇടുകയോ ഓഫ് ആക്കുകയോ ചെയ്യരുത്. എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന കമ്പികളിലോ, എർത്ത് പൈപ്പിലോ സ്പർശിക്കരുത്. ഇലക്ട്രിക് വയറുകളുടെ ഇൻസ്റ്റലേഷൻ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തുക.
 സ്വിച്ചുകൾക്കുള്ളിൽ വെള്ളം ഇറങ്ങാതിരിക്കാൻ വേണ്ട മുൻകരുതൽ ചെയ്യുക. ഇടിമിന്നൽ ഉളള സമയങ്ങളിൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ റബർ ചെരിപ്പ് ധരിക്കുക. ശക്തമായ ഇടിമിന്നലിനും മഴയ്ക്കും മുൻപ് റ്റിവി, ഫ്രിഡ്ജ്, വാഷിങ‌് മെഷീൻ തുടങ്ങി പ്ലഗുകളുമായി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ വേർപ്പെടുത്തുക. വസ്ത്രങ്ങൾ ഉണക്കുന്നതിനുവേണ്ടി വൈദ്യുതി പോസ്റ്റുകളിൽ ഇലക്ട്രിക് വയറോ, കയറോ കെട്ടരുത്. കന്നുകാലികളെ കെട്ടാനും അവ ഉപയോഗിക്കരുത്. ഇടിമിന്നൽ ഉളളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ചെയ്യരുത്. അത്യാവശ്യമായി വന്നാൽ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രമേ വീട്ടിലെ ഇലക്ട്രിക് ജോലി ചെയ്യാൻ പാടുള്ളൂ. കഴിവതും പരിചയസമ്പന്നരായ ഇലക്ട്രീഷൻമാരെ നിയോഗിച്ചു മാത്രം അത്തരം ജോലികൾ ചെയ്യണം. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എത്രയുംപെട്ടെന്ന് കെഎസ്ഇബി ഓഫീസിലോ, 9496061061എന്ന എമർജൻസി നമ്പരിലോ  അറിയിക്കണം.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top