23 July Tuesday

റേഷൻ വിതരണം: ജില്ലയ്ക്ക് 3908 മെട്രിക് ടൺ ഭക്ഷ്യധാന്യം അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 പത്തനംതിട്ട

ഈ മാസം ജില്ലയിലെ റേഷൻ കാർഡുടമകൾക്ക് വിതരണം നടത്തുന്നതിനായി 3382.457 മെ.ടൺ അരിയും 525.566 മെ.ടൺ ഗോതമ്പും ഉൾപ്പെടെ 3908.023 മെട്രിക് ടൺ ഭക്ഷ്യധാന്യം  അനുവദിച്ചു.  മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ (പിങ്ക് കാർഡ്) ഓരോ അംഗത്തിനും കിലോ ഗ്രാമിന് രണ്ട് രൂപാ നിരക്കിൽ നാല് കി. ഗ്രാം അരിയും  ഒരു കി.ഗ്രാം ഗോതമ്പും, എഎവൈ കാർഡുകൾക്ക് (മഞ്ഞ കാർഡ്) സൗജന്യ നിരക്കിൽ കാർഡൊന്നിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും റേഷൻ കടകളിൽ നിന്ന് ഈ മാസം ലഭിക്കുന്നതാണ്.  മുൻഗണനാ-ഇതര-സബ്‌സിഡി പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് (നീല കാർഡ്) ഓരോ അംഗത്തിനും നാല് രൂപാ നിരക്കിൽ രണ്ട് കി.ഗ്രാം അരിയും 17 രൂപാ നിരക്കിൽ പരമാവധി മൂന്ന് കി.ഗ്രാം ആട്ടയും, സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് ലഭിക്കും. മുൻഗണനാ-ഇതര-നോൺ സബ്‌സിഡി വിഭാഗത്തിൽപ്പെട്ടവർക്ക് (വെള്ള കാർഡ്) കാർഡൊന്നിന് 10.90 രൂപാ നിരക്കിൽ  ആറ് കി. ഗ്രാം അരിയും, 17 രൂപാ നിരക്കിൽ പരമാവധി മൂന്ന് കി.ഗ്രാം ആട്ടയും ലഭിക്കും.  വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാർഡുടമകൾക്കും കാർഡൊന്നിന് ഒരു ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് കാർഡൊന്നിന് നാല് ലിറ്ററും മണ്ണെണ്ണ, ലിറ്ററിന് 35 രൂപാ നിരക്കിൽ ലഭിക്കും. ഇതിനു പുറമെ, പ്രളയത്തോടനുബന്ധമായി അനുവദിച്ച നോൺ-സബ്‌സിഡി മണ്ണെണ്ണ ലിറ്ററിന് 44 രൂപാ നിരക്കിൽ അഞ്ച് ലിറ്റർ വരെ ലഭിക്കും. ഏ.ഏ.വൈ കാർഡിനു മാത്രം 21 രൂപാ നിരക്കിൽ ഒരു കിലോ പഞ്ചസാര വിഹിതവുമുണ്ട്.  
 
 
പ്രധാന വാർത്തകൾ
 Top