30 May Saturday

പത്തനംതിട്ടയിൽ ഇന്നലെയും 5 നെഗറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 പത്തനംതിട്ട 

കോവിഡ്‌ 19 പരിശോധനയിൽ  ജില്ലയിൽ ഞായറാഴ്‌ച  ലഭിച്ച ഫലങ്ങളിൽ അഞ്ചും നെഗറ്റീവാണ്‌.  ആകെ 29 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്‌. ഇറ്റലിയിൽനിന്ന്‌ വന്ന ഒരാളുൾപ്പെടെ  നാലു പേരെ ഞായറാഴ്ച  ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച  മൂന്നു പേരെക്കൂടി ഡിസ്ചാർജ്‌ ചെയ്‌തിട്ടുണ്ട്‌. ഇതുൾപ്പെടെ ഇതുവരെ 22 പേർ ഡിസ്ചാർജായി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 22 പേരും, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ആറും  തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാളും ഐസൊലേഷനിലുണ്ട്.
വീടുകളിൽ 1250 പേർ നിരീക്ഷണത്തിലുണ്ട്‌. ജില്ലയിൽനിന്ന്‌ അയച്ച 40  സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ശബരിമല ദർശനത്തിന്‌ എത്തിയ 4066 പേരെ ഇതുവരെ പമ്പയിൽ സ്‌ക്രീൻ ചെയ്‌തു.  ഞായറാഴ്‌ച പരിശോധിച്ചവരിൽ രണ്ടു പേർക്ക് കോവിഡ്-19 അല്ലാത്ത പനി ലക്ഷണങ്ങൾ കണ്ടെത്തി. പരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം അവരെ തിരികെ അയച്ചു.
വിദേശത്തുനിന്ന്‌ തിരിച്ചെത്തിയ 672 പേരെ കണ്ടെത്തി. ഇതുവരെ മറ്റ് രാജ്യങ്ങളിൽനിന്ന്‌ വന്ന 726 പേരെ കണ്ടെത്തിയിട്ടുണ്ട്. അവർ ഐസൊലേഷനിൽ തുടരേണ്ടതാണെന്നുളള നിർദേശം നൽകിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുളളവരുടെ സ്‌ക്രീനിങ്‌ തിരുവല്ല റെയിൽവേ സ്റ്റേഷനിലും, മല്ലപ്പളളി, റാന്നി, പത്തനംതിട്ട, അടൂർ,  തിരുവല്ല എന്നീ ബസ് സ്‌റ്റേഷനുകളിലും  ആരംഭിച്ചു.
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക്‌ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ ടെലി-കൺസൾട്ടേഷൻ ആരംഭിച്ചു. 
ജില്ലയിലെ മുഴുവൻ മെഡിക്കൽ ഓഫീസർമാർക്കും വീഡിയോ കോൺഫറൻസിലൂടെ പരിശീലനം നൽകി. ഐസൊലേഷനിൽ കഴിയുന്ന 80 പേരുടെ ചികിത്സേതര ആവശ്യങ്ങൾ പഞ്ചായത്തുകൾ മുഖേന നിറവേറ്റി.വിദേശികൾ സന്ദർശിക്കാൻ ഇടയുളള സ്ഥാപനങ്ങളിൽനിന്ന്‌ (വൃദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ, റിസോർട്ടുകൾ) വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌.പന്തളം, ആറന്മുള എന്നിവിടങ്ങളിൽ 234 അതിഥി തൊഴിലാളികൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തി.
പ്രോഗ്രാം ഓഫീസർമാരുടെയും മാനേജ്‌മെന്റ് ടീം ലീഡർമാരുടെയും പ്ലാനിങ്‌ മീറ്റിങ്‌ വീണാ ജോർജ് എംഎൽഎയുടെയും  കലക്ടർ പി ബി നൂഹിന്റെയും സാന്നിധ്യത്തിൽ കലക്ടറുടെ ചേമ്പറിൽ കൂടി.
 
 
പ്രധാന വാർത്തകൾ
 Top