25 May Monday
റെയിൽവേ സ്‌റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും പരിശോധന

വൈറസ്‌ കണ്ണിൽപ്പെടാതെ പോകരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 പത്തനംതിട്ട 

കൊറോണ വൈറസ്‌ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ബസ്‌ സ്‌റ്റാൻഡുകളിലും റെയിൽവേ സ്‌റ്റേഷനിലും പരിശോധനയുമായി ആരോഗ്യവകുപ്പ്‌. തിരുവല്ല റെയിൽവേ സ്‌റ്റേഷൻ, പത്തനംതിട്ട, തിരുവല്ല, മല്ലപ്പളളി ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ യാത്രക്കാരുടെ പനി ചികിത്സാ പരിശോധന (തെർമൽ സ്‌ക്രീനിങ്‌) ആരംഭിച്ചു. ഈ മാസം 31 വരെയാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാർ, രണ്ട്‌ ജെപിഎച്ച്എൻ എന്നിവരുടെ സഹായത്തോടെയാണ് തെർമൽ സ്‌ക്രീനിങ്‌. 
റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡിലും മൈക്കിലൂടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തെത്താൻ നിർദേശിക്കുന്നത്. പനിയുള്ളവരെ കണ്ടെത്തിയാൽ പേര്, സഞ്ചരിച്ച സ്ഥലത്തിന്റെ വിശദവിവരം എന്നിവ യാത്രക്കാർ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ആവശ്യമെങ്കിൽ ഇവരുടെ നിർദേശപ്രകാരം അടുത്തുള്ള താലൂക്ക് ആശുപത്രികളിലെ ഡോക്ടർമാരെ സന്ദർശിക്കാൻ നിർദേശിക്കും. നിലവിൽ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ രണ്ടു ജെഎച്ച്ഐമാരുടെയും രണ്ടു വളണ്ടിയർമാരുടെയും സേവനം ലഭ്യമാണ്. തിരുവല്ല ബസ് സ്റ്റാൻഡിൽ രണ്ടു ജെഎച്ച്ഐമാരുടെ സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു.
മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ഒരു ജെഎച്ച്ഐയുടെയും ഒരു വളണ്ടിയറുടേയും സഹായത്തോടെ തെർമൽ സ്‌ക്രീനിങ്‌ നടക്കുന്നുണ്ട്. അടൂർ, റാന്നി ബസ് സ്റ്റാൻഡുകളിലും സംവിധാനം ഏർപ്പെടുത്തും. വരുംദിവസങ്ങളിൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ തെർമൽ സ്‌ക്രീനിങ്‌ പ്രവർത്തനങ്ങൾ കൂടുതലിടങ്ങളിൽ സജീവമാക്കും.
 
 
പ്രധാന വാർത്തകൾ
 Top