30 May Saturday
തദ്ദേശസ്ഥാപനങ്ങൾ നിരീക്ഷണം ശക്തമാക്കണമെന്ന് കലക്ടർ

ഐസലേഷനിലുള്ളവർ വീട്ടിൽ തന്നെ ഉണ്ടെന്ന് സമൂഹം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 പത്തനംതിട്ട

വീടുകളിൽ ഐസലേഷനിലുള്ളവർ വീട്ടിൽതന്നെയുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണെന്ന് കലക്ടർ പി ബി നൂഹ് പറഞ്ഞു.  പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് 19 പ്രതിരോധ  പ്രത്യേകയോഗത്തിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു പി ബി നൂഹ്. 
ജില്ലയിൽ 1239 പേരാണ് ഐസലേഷനിൽ കഴിയുന്നത്. വീടുകളിൽ ഐസലേറ്റ് ചെയ്തിട്ടുള്ള 80 ശതമാനം ആൾക്കാരും ആരോഗ്യകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ട്. എന്നാൽ 20 ശതമാനംപേർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ല. വീടുകളിൽ ഐസലേഷനിൽ കഴിയുന്നവർ വീടുകളിൽ തന്നെ കഴിയുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ജില്ലയിൽ ഇതുവരെ 45 പേരെയാണ് ആശുപത്രികളിൽ ഐസലേറ്റ് ചെയ്തിട്ടുള്ളത്. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ വീടുകളിൽ നിർബന്ധമായും ഐസലേഷനിൽ തുടരണം. 
ഫെബ്രുവരി 27ന് ശേഷം കോവിഡ് 19 വൈറസ്ബാധ രൂക്ഷമായ 10 രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയവർ നിർബന്ധമായും 28 ദിവസവും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവർ 14 ദിവസവും വീടുകളിൽ കഴിയണം. കൊറോണ രോഗം രൂക്ഷമായ ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ, യുഎസ്എ, സ്വിറ്റ്‌സർലാൻഡ്, ഡെന്മാർക്ക് എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് 28 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ തുടരേണ്ടത്. മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയവർ വീടുകളിൽ 14 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെയും അവരുമായി ബന്ധപ്പെട്ടുള്ളവരുടേയുമാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. മറ്റു ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ വീടുകളിൽ കഴിയേണ്ടതുണ്ട്. ജില്ലയിൽ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും ഈ സാഹചര്യത്തിൽ പൊതുപരിപാടികൾ പരമാവധി ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
 
 
പ്രധാന വാർത്തകൾ
 Top