01 March Monday

ജില്ലയിൽ 
വികസന തേരോട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
പത്തനംതിട്ട
സമാനതകളില്ലാത്ത വികസന  പദ്ധതികളുടെ പ്രഖ്യാപനം വഴി സംസ്ഥാന ബജറ്റ്‌ ജില്ലയുടെ ചരിത്രത്തെ തന്നെ മാറ്റിമറിക്കും.  അവികസിത മേഖലകളായ മലയോര പ്രദേശങ്ങളിൽപ്പോലും പുതിയ പദ്ധതികൾ  എത്തിപ്പെടുന്നുവെന്നതാണ്‌ ഡോ. തോമസ്‌ ഐസക്ക്‌ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്റെ പ്രത്യേകത. 
സമസ്‌ത മേഖലകളെയും സ്‌പർശിക്കുന്ന ബജറ്റ്‌ ജനങ്ങളുടെ വികസന മോഹങ്ങൾക്കൊപ്പം നിൽക്കുന്നതാണ്‌.  ക്ഷേമപെൻഷനുകളുടെ വർധനയും സൗജന്യ റേഷനും കിറ്റും കോവിഡ്‌ പ്രതിരോധ ചികിത്സയും ദുർബല വിഭാഗങ്ങളോടുള്ള സർക്കാരിന്റെ കരുതലാണ്‌ പ്രകടമാക്കുന്നത്‌. വിളകൾക്കുൾപ്പെടെയുള്ള വിലയിടിവിൽ തകർന്ന കാർഷിക മേഖലയ്‌ക്ക്‌ ഊർജം പകരുന്നതാണ്‌ റബറിന്റെ താങ്ങുവില വർധന.  
ജില്ലയുടെ ആരോഗ്യ മേഖലയ്‌ക്ക്‌ ശക്തമായ പിന്തുണയാണ്‌ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത്‌ ലാബ്‌ രണ്ടാം ഘട്ടത്തിനും കോന്നി മെഡിക്കൽ കോളേജ്‌ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്കും ഫണ്ട്‌ അനുവദിച്ചതിലുടെ വ്യക്തമാകുന്നത്‌.  ശബരിമല തീർഥാടകർക്ക്‌ ഉൾപ്പെടെ വേഗം എത്തിപ്പെടാൻ കഴിയുന്നതാണ്‌ പത്തനംതിട്ട ജനറൽ ആശുപത്രിയും കോന്നി മെഡിക്കൽ കോളേജും. കോന്നി മെഡിക്കൽ കോളേജിൽ അടുത്ത മാസം കിടത്തി ചികിത്സ ആരംഭിക്കുകയാണ്‌. 
50 കോടി നിർമാണ ചെലവ്‌ വരുന്ന  പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയം യുഡിഎഫ്‌ നഗരസഭ ഭരണസമിതിയുടെ പിടിപ്പുകേടും ദുരഭിമാനവും കാരണം ധാരണാപത്രത്തിൽ ഒപ്പുവെയ്‌ക്കാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. സ്‌റ്റേഡിയം നിർമാണത്തിനുള്ള നിർദേശമാണ്‌ ബജറ്റിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്‌. പ്രമാടത്ത്‌ സ്‌റ്റേഡിയത്തിന്‌ 10 കോടി നീക്കിവെച്ചതും യുവാക്കളുടെ കായിക സ്വപ്‌നങ്ങൾക്ക്‌  നിറം പകരും. 
മലയോര മേഖലയായ കോന്നിയിൽ ദീർഘകാലത്തെ വികസന ആവശ്യങ്ങൾ മുൻനിർത്തി അനുഭാവപൂർവമായ പരിഗണനയാണ്‌ ലഭിച്ചിരിക്കുന്നത്‌. കോന്നി ടൗണിൽ ഫ്‌‌ളൈ ഓവറിന്‌ 70 കോടിയും കോന്നി ബൈപ്പാസിന്‌ 40 കോടിയും കോടതിക്ക്‌ 10 കോടിയും അനുവദിച്ചിട്ടുണ്ട്‌. സാങ്കേതിക വിദ്യാഭ്യാസത്തിന്‌ മുൻഗണന നൽകി കലഞ്ഞൂരിൽ പോളി ടെക്‌നിക്ക്‌, വള്ളിക്കോട്‌ ഗവ. ഐടിഐ എന്നിവയ്‌ക്കും പണം ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്‌. തണ്ണിത്തോട്ടിൽ മലഞ്ചരക്ക്‌ സുഗന്ധവ്യജ്ഞന സംസ്‌കരണ കേന്ദ്രം അനുവദിച്ചത്‌ കർഷർക്ക്‌ ആശ്വാസമാകും. 
വാട്ടർ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകളില്ലാത്ത ആറന്മുള മണ്ഡലത്തിലെ മുഴുവൻ കുടിവെള്ള പദ്ധതികൾക്കും പുതിയ പ്ലാന്റ്‌ ആരംഭിക്കാൻ 25 കോടി അനുവദിച്ചിട്ടുണ്ട്‌. കോഴഞ്ചേരി ബസ്‌സ്‌റ്റാൻഡ്‌ നവീകരണം ദീർഘനാളത്തെ ആവശ്യമായിരുന്നു. 10 കോടി രൂപയാണ്‌ ഇതിനായി നീക്കിവച്ചിരിക്കുന്നത്‌. സുഗതകുമാരിയുടെ തറവാട്‌ മ്യൂസിയമാക്കാനും വേലുത്തമ്പി ദളവ പഠന ഗവേഷണ കേന്ദ്രത്തിനും ബജറ്റിൽ പണം നീക്കിവെച്ചിട്ടുണ്ട്‌. 
സർവ മേഖലകളിലും വികസനത്തിന്റെ  തരഗം സൃഷ്ടിക്കുന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ബജറ്റെന്ന്‌ നിഷ്‌പക്ഷ സമൂഹം സമ്മതിക്കുക തന്നെ ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top