പത്തനംതിട്ട
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി പത്തനംതിട്ട എസ്ഐഎസ് എൽപി സ്കൂളിലെ കുട്ടികൾ റിട്ട. ജസ്റ്റിസ് എം ഫാത്തിമാ ബീവിയുടെ വീട്ടിലെത്തി ആദരിച്ചു.
കുട്ടികളുടെ വിവിധ ചോദ്യങ്ങൾക്ക് രാജ്യത്തെ സുപ്രിം കോടതിയിലെ ആദ്യ വനിത ജഡ്ജിയായ ഫാത്തിമാ ബീവി മറുപടി നൽകി. സ്പോർട്സ് ഇഷ്ട മേഖലയായിരുന്നിട്ടും എന്തു കൊണ്ട് അതിൽ മുന്നോട്ടു പോയില്ല, കുട്ടിയായിരിക്കുമ്പോഴേ ജഡ്ജിയാകണമെന്ന ആഗ്രഹം ഉണ്ടായിരുന്നോ എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് കുട്ടികൾ മുൻ ന്യായാധിപയോട് ചോദിച്ചത്.
സ്പോർട്സിൽ ധാരാളം മെഡലുകൾ കിട്ടിയിട്ടുണ്ട്. അതിലുപരി സയൻസ് ഇഷ്ട മേഖലയായിരുന്നു. അതിൽ തുടർന്നുപോകാനായിരുന്നു താൽപ്പര്യം. പിതാവിന്റെ നിർബന്ധത്താലാണ് നിയമ പഠനം തെരഞ്ഞെടുത്തത്. ജീവിതത്തിൽ ഉന്നത സ്ഥാനത്തെത്താൻ അത് പ്രേരണയായി. അതുകൊണ്ട് എല്ലാവരും മാതാപിതാക്കളെ അനുസരിച്ച് വളരണമെന്നും പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കാൻ നാം കൂട്ടായി പ്രയത്നിക്കണമെന്നും പറഞ്ഞാണ് ഫാത്തിമാ ബീവി കുട്ടികളെ യാത്രയാക്കിയത്.
സ്കൂൾ മാനേജർ അബ്ദുൾ ജലീൽ, ഹെഡ്മിസ്ട്രസ് എച്ച് ഹസീന, പിടിഎ പ്രസിഡന്റ് അഫ്സൽ ആനപ്പാറ, ബിആർസി കോ–-ഓർഡിനേറ്റർ സുനിൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ എസ് രാജേഷ് അധ്യാപകരായ എ വിനി, എസ് ഷൈനി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..