13 December Friday
യുവതിയുടെ ആത്മഹത്യ

ഭര്‍ത്താവിന് 8 വര്‍ഷം തടവ്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
പത്തനംതിട്ട
പന്തളം തെക്കേക്കര വില്ലേജിൽ ക്വയർമലയിൽ അഖില (26) ആത്മഹത്യ ചെയ്ത കേസിൽ ഇവരുടെ ഭർത്താവ് അനൂപിനെ (32) പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌‌ജി ജോൺ കെ ഇല്ലിക്കാടൻ എട്ടു വർഷം തടവും 7000 രൂപ പിഴയും ശിക്ഷിച്ചു. 2017 നവംബർ അഞ്ചിനാണ് യുവതി ആത്മഹത്യ ചെയ്തത്. 
പെൺകുട്ടി കോന്നിയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരവേ 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഒരാൺകുട്ടിയുണ്ട്. ഏതാനും നാൾ കഴിഞ്ഞതു മുതൽ ഭർത്താവും ഭർതൃ മാതാവും ചേർന്ന് യുവതിയേയും ബന്ധുക്കളെയും ജാതിപ്പേര്‌ വിളിച്ച് ആക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. മോട്ടോർ സെക്കിൾ വേണമെന്ന യുവാവിന്റെ ആവശ്യപ്രകാരം അഖിലയുടെ ബന്ധുവിന്റെ പേരിൽ വായ്പ സംഘടിപ്പിച്ച് വാങ്ങികൊടുത്തു. വായ്പയുടെ തിരിച്ചടവ് ഏറ്റിരുന്ന അനൂപ് അത് ചെയ്തില്ല. ഇത് ചോദ്യം ചെയ്തതോടെ പീഡനമായി. ഇതേ തുടർന്നായിരുന്നു യുവതി ഭർതൃവീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചത്.
പന്തളം പൊലീസ് സബ് ഇൻസ്പെക്ടർ പി എം വിജയകുമാർ രജിസ്റ്റർ ചെയ്ത കേസ് അടൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആർ ജോസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഭർതൃ മാതാവ് തളർവാതം പിടിപെട്ട് കിടപ്പിലായതിനാൽ അനൂപിനെ മാത്രമാണ് വിചാരണ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ  അഡ്വ. എ സി ഈപ്പൻ ഹാജരായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top