25 August Sunday

പ്രളയബാധിതർക്ക് അധിക സഹായം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

 പത്തനംതിട്ട

കഴിഞ്ഞ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലോ, ഉരുൾപൊട്ടലിലോ വീട് പൂർണമായോ, ഭാഗികമായോ (15 ശതമാനം മുതൽ 100 ശതമാനം വരെ) നാശനഷ്ടം സംഭവിച്ച കുടുംബങ്ങളിലെ ഗുണഭോക്താക്കൾക്ക് പ്രത്യുത്ഥാനം പദ്ധതിയിലൂടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 25,000 രൂപ അധിക ധനസഹായം നൽകും. മുൻഗണനാക്രമം അനുസരിച്ചായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. പത്തനംതിട്ട ജില്ലയിൽ 1100 പേർക്ക‌് സഹായം ലഭിക്കും. 
മുൻഗണനാ വിഭാഗങ്ങൾ
കാൻസർ രോഗികൾ ഉള്ള പ്രളയം ബാധിച്ച കുടുംബങ്ങൾ. ഡയാലിസിസ് രോഗികൾ ഉള്ള പ്രളയം ബാധിച്ച കുടുംബങ്ങൾ. കിടപ്പു രോഗികളും മാനസികശേഷി പരിമിതരുമായ ഭിന്നശേഷിക്കാർ ഉള്ള പ്രളയബാധിത കുടുംബങ്ങൾ. വിധവകൾ കുടുംബനാഥകൾ ആയിട്ടുള്ളതും, എല്ലാ കുട്ടികളും 18 വയസിനു താഴെയും ആയിരിക്കുന്ന പ്രളയബാധിത കുടുംബങ്ങൾ. 
മാനദണ്ഡം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കിയ നാശനഷ്ടം സംഭവിച്ച വീടുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. വീടുകളുടെ നാശനഷ്ടങ്ങളുടെ അംഗീകരിച്ച തോത് 15 ശതമാനം മുതൽ 100 ശതമാനം വരെ. ഒരു കുടുംബത്തിൽ നിന്ന് ഒരു അപേക്ഷ മാത്രമേ അനുവദിക്കു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ  അങ്കണവാടി വർക്കറെ ഏൽപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. 
നൽകേണ്ട രേഖകൾ 
കാൻസർരോഗികൾ ഉള്ള പ്രളയബാധിത കുടുംബങ്ങൾ- സർക്കാർ ആശുപത്രിയിൽ / അംഗീകൃത ആരോഗ്യ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്(2017 ഓഗസ്റ്റ് മുതൽ 2018 ഓഗസ്റ്റ് മാസത്തിനുള്ളിലുള്ള രേഖകൾ മാത്രം.)
ഡയാലിസിസ് രോഗികൾ ഉള്ള പ്രളയബാധിത കുടുംബങ്ങൾ- സർക്കാർ ആശുപത്രിയിൽ/അംഗീകൃത ആരോഗ്യ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് (2017 ഓഗസ്റ്റ് മുതൽ 2018 ഓഗസ്റ്റ് മാസത്തിനുള്ളിലുള്ള രേഖകൾ മാത്രം). 
മാനസിക ശേഷി പരിമിതരായവരും, ഇവർ കിടപ്പ് രോഗികളുമായ ഭിന്നശേഷിക്കാർ ഉള്ള പ്രളയബാധിത കുടുംബങ്ങൾ- മെഡിക്കൽ ബോർഡിൽ നിന്നും ലഭിക്കുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റും ഇവർ കിടപ്പു രോഗിയാണെന്നുള്ള രജിസ്‌ട്രേഡ് ഡോക്ടറുടെ സർട്ടിഫിക്കറ്റും. 
വിധവകൾ കുടുംബനാഥകൾ ആയിട്ടുള്ളതും എല്ലാ കുട്ടികളും 18 വയസിന‌് താഴെയും ആയിരിക്കുന്ന പ്രളയ ബാധിത കുടുംബങ്ങൾ- വില്ലേജ് ഓഫീസർ നൽകുന്ന വിധവ പുനർവിവാഹിത ആയിട്ടില്ലെന്ന സർട്ടിഫിക്കറ്റും, ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റും(2018 ഓഗസ്റ്റ് 31ന് മുൻപുള്ളത്). കുട്ടികൾക്ക് പ്രായം തെളിയിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ്/ആധാർ കാർഡ്.    
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top