18 June Friday

നദികളിലും ഡാമുകളിലും അപകട സാധ്യതയില്ല

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കനത്തമഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന പമ്പാ നദി.ആറന്മുള സത്രക്കടവിൽ നിന്നുള്ള ദൃശ്യം

പത്തനംതിട്ട 

ജില്ലയിലെ നദികളിലും ഡാമുകളിലും നിലവിൽ അപകട സാധ്യതയില്ലെന്ന്  കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. 
അധികമായി മഴ ലഭ്യമായാൽ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വകുപ്പുകളും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ നിർദേശിച്ചു  നദികളിൽ വെള്ളം ഉയർന്നതായി കാണുന്നുണ്ടെങ്കിലും ഡാമുകളിലെ വെള്ളത്തിന്റെ അളവ് അധികമായി വർധിച്ചിട്ടില്ല.  മഴ ശക്തമായി തുടർന്നാൽ മൂഴിയാർ ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാകും. ഇത് വെള്ളപ്പൊക്കം തടയുന്നതിനായാണ് തുറക്കുക. പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളു. 
നിലവിൽ ജില്ലയിൽ എവിടെയും വെള്ളപ്പൊക്കമോ മറ്റ് പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കെഎസ്ഇബി കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ എല്ലാ പ്രശ്‌നങ്ങളും കെഎസ്ഇബി പരിഹരിച്ചു. കോവിഡ് ആശുപത്രികളിലെ ജനറേറ്ററുകൾ പ്രവർത്തന സജ്ജമാണോ എന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നാൽ കോവിഡ് രോഗികളെ ഉൾപ്പെടെ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള സജീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിലെ കോവിഡ് കെയർ സെന്ററുകൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച്‌ ചർച്ച ചെയ്തു. ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാനുള്ള പഞ്ചായത്തുകൾ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല.  വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ ഓക്‌സിജൻ സിലിണ്ടറുകളും കോവിഡ് ചികിത്സയ്ക്കായി വില്ലേജ് ഓഫീസർമാർക്ക് ഉടൻ സമർപ്പിക്കണം. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ, ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി, അടൂർ ആർഡിഒ എസ് ഹരികുമാർ, ഡിഎംഒ (ആരോഗ്യം) ഡോ. എ എൽ ഷീജ, എൻഎച്ച്എം ഡിപിഎം ഡോ.എബി സുഷൻ, ഡിഎഫ്ഒ കെ ഹരികുമാർ, ഡിഡിപി, ജോ.  ആർടിഒ, തഹസീൽദാർമാർ, ഫയർഫോഴ്‌സ്, ഡാം സേഫ്റ്റി, കെഎസ്ഇ ബി തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top