22 June Tuesday

തിരുവാഭരണ പാതയുടെ മറവിൽ 
വീടുകൾ പൊളിക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 കോഴഞ്ചേരി

തിരുവാഭരണ പാതയുടെ മറവിൽ വീടുകൾ തന്നെ പൊളിച്ചുമാറ്റാൻ നീക്കം. ആറൻമുള ,മെഴുവേലി, കുളനട പഞ്ചായത്തുകളിൽ വ്യാപക പ്രതിഷേധം. ഒരു പതിറ്റാണ്ട്‌ മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കല്ലിട്ടതിന്റെ ഇരട്ടിയിലധികം വസ്തുവാണ് ഇപ്പോൾ റവന്യു അളന്ന് കല്ലിട്ടിരിക്കുന്നത്. ഹൈക്കോടതി നിർദ്ദേശത്തിന്റെ മറവിൽ  ഉന്നത  ഉദ്യോഗസ്ഥരുടെ നടപടി അനേകം കുടുബങ്ങളെ  പെരുവഴിയിലാക്കും.ഇതിനെതിരെ ശക്തമായ പ്രക്ഷോഭവും നിയമ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാറിന്റെ നേതൃത്വത്തിലെത്തിയ എൽഡിഎഫ് ജനപ്രതിനിധികൾ അറിയിച്ചു.
നാലുവരി പാതയുടെ വീതിക്കാണ് ഇപ്പോൾ കല്ലിട്ടിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്‌.ഇതിൽ ഇടശ്ശേരിമല കനകക്കുന്ന്‌ മലയുടെ പടിഞ്ഞാറു തിരിഞ്ഞ് അയ്യൻ കോയിക്കൽ ജങ്‌ഷനിൽ എത്തിച്ചേരുന്ന ഉൾവഴിയും അളന്നിട്ടുണ്ട്. ഇതു വഴി തിരുവാഭരണം കൊണ്ടു പോയതായി ഈ തലമുറയിലുള്ളവരാരും ഓർമിക്കുന്നില്ല. ഈ ഭാഗത്ത് നാലും ആറും സെന്റ്‌ വസ്തുവിൽ താമസിക്കുന്ന നാല്‌ കുടുബങ്ങൾ പൂർണമായും ഒഴിയേണ്ടി വരും. ഭാഗികമായി വീട്‌ പോകുന്നവർ വേറെയും. നിലവിൽ വീതിയേറിയ റോഡുള്ള മായാലുമൺ ജങ്‌ഷനിലെ നിരവധി പേരുടെ വീടു, കിണർ, കടകൾ എന്നിവയും നഷ്ടപ്പെടുന്ന ലിസ്റ്റിലുണ്ട്.
തിരുവാഭരണ പാതയിൽ അനധികൃത കൈയേറ്റമുണ്ടെങ്കിൽ ഒഴിപ്പിക്കുന്നതിൽ ആർക്കും തർക്കമില്ല.എന്നാൽ ഇപ്പോൾ കരം അടവുള്ള ഭൂമിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന വീട്‌ സഹിതമാണ് നഷ്ടപ്പെടുക. ഇതിൽ പലതും വിലയ്ക്കു വാങ്ങിയ വസ്തുവാണ്.
ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, പഞ്ചായത്തംഗങ്ങളായ പി ഡി മോഹൻ, പ്രസാദ് വേരുങ്കൽ, വിൽസി ബാബു, ബിജു വർണശാല, ശ്രീനി ചാണ്ടിശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗം ജൂലി ദിലീപ്, സിപിഐ എം ആറൻമുള ലോക്കൽ സെക്രട്ടറി ഷെറിൻ ദേവ് എന്നിവരാണ് ഭീതിയിലായ കുടുബങ്ങളെ ആശ്വസിപ്പിക്കാനെത്തിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top