27 May Wednesday

ഇന്നലെയും പോസിറ്റീവില്ല

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

 

പത്തനംതിട്ട
ശനിയാഴ്‌ചയും പത്തനംതിട്ടയിൽ കോവിഡ്‌ ഫലങ്ങൾ നെഗറ്റീവായിരുന്നു.  ഇതോടെ തുടർച്ചയായ നാലുദിവസങ്ങളിലും  പരിശോധനാഫലങ്ങൾ നൽകുന്നത്‌ ആശ്വാസമാണ്‌. ഒത്തൊരുമയോടെ കോവിഡ്‌ എന്ന മഹാമാരിയെ തളയ്‌ക്കാനുള്ള പരിശ്രമം ഏതാണ്ട്‌ വിജയത്തിലേക്ക്‌ അടുക്കുന്നതിന്റെ സുചനയാണിതെന്ന്‌  കരുതാം. എന്നിരുന്നാലും ജാഗ്രത കൈവിടാതെ മുന്നോട്ടു പോവുകയാണ്‌ ജില്ലാഭരണവും ആരോഗ്യ പ്രവർത്തകരും. ശനിയാഴ്‌ച രണ്ട് പ്രാഥമിക സമ്പർക്കവും  ഏഴ് വിദൂര സമ്പർക്കവും   കണ്ടെത്തി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 19 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒൻപതു പേരും, നിലവിൽ ഐസൊലേഷനിലുണ്ട്.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാളും ഐസൊലേഷനിലുണ്ട്.
ആകെ 28 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
ശനിയാഴ്‌ച  പുതുതായി നാലു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.  അഞ്ചു പേരെക്കൂടി ഇന്നലെ  ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇതുൾപ്പെടെ ഇതുവരെ 19 പേരെ ഡിസ്ചാർജായി.
വീടുകളിൽ 1248 പേർ നിരീക്ഷണത്തിലുണ്ട്‌.
 നാല് സാമ്പിളുകൾ ശനിയാഴ്‌ച അയച്ചു.  ആകെ 84 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശനിയാഴ്‌ച ഏഴ് സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചു.
ജില്ലയിൽ ഇതുവരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പൊസിറ്റീവായും 33 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചു. 37 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ശബരിമല മാസപൂജയ്‌ക്ക്‌ പമ്പയിൽ എത്തിയ 2513 അയ്യപ്പഭക്തന്മാരെ സ്‌ക്രീൻ ചെയ്തു. വിവിധ കൺട്രോൾ റൂമുകളിലായി വിദേശത്തുനിന്ന്‌ തിരിച്ചെത്തിയവിവരം 41 പേർ അറിയിച്ചിട്ടുണ്ട്‌.  ഇതുവരെ മറ്റ് രാജ്യങ്ങളിൽനിന്ന്‌ വന്ന 73 പേർ ഐസൊലേഷനിലുണ്ട്.
ആവശ്യമായി വന്നാൽ റാന്നി മേനാംതോട്ടം ആശുപത്രി, പന്തളം അർച്ചന ആശുപത്രി എന്നിവിടങ്ങളിലും  ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കും.
ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ യാത്രികരുടെ പരിശോധന ആരംഭിക്കും. പൊലീസിനോടൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, പാലിയേറ്റീവ് കെയർ വളന്റിയർമാരും പരിശോധനയിൽ പങ്കെടുക്കും. ഇതിനായി റെയിൽവേ സ്‌റ്റേഷനിൽ എട്ട് ടീമുകളെ നിയോഗിക്കും. കൂടാതെ ജില്ലയിലെ പ്രധാന ബസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചും സ്‌ക്രീനിങ്‌ ആരംഭിക്കും. ഇതിനായി എട്ട് ടീമുകളെ  നിയോഗിക്കും.
ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികളെയും ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഞായറാഴ്‌ച സ്‌ക്രീനിങും ബോധവത്ക്കരണവും നടത്തും.ഞായറാഴ്‌ച വീഡിയോ കോൺഫറൻസിലൂടെ ജില്ലയിലെ മുഴുവൻ മെഡിക്കൽ ഓഫീസർമാർക്കും പരിശീലനം നൽകും.
 
 
പ്രധാന വാർത്തകൾ
 Top