29 February Saturday

ബജറ്റും ബജറ്റും തമ്മിലെന്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 പത്തനംതിട്ട 

കേന്ദ്രബജറ്റും സംസ്ഥാന ബജറ്റും താരതമ്യം ചെയ്‌താൽ എങ്ങനെയുണ്ടാകും?...സമീപനം വ്യത്യസ്‌തമെന്ന്‌ കെഎസ്‌എഫ്‌ഇ ചെയർമാൻ അഡ്വ. പീലിപ്പോസ്‌ തോമസ്‌. വ്യത്യാസമില്ലെന്ന്‌ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ ശിവദാസൻ നായർ. കേന്ദ്രബജറ്റ്‌ ഉത്തമമെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനട. പത്തനംതിട്ട പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച ബജറ്റ്‌ ചർച്ചയാണ്‌ ബജറ്റുകളെ ഇഴകീറി പരിശോധിച്ചത്‌. വ്യാപാരി സംഘടനാ ഭാരവാഹികളായ പ്രസാദ്‌ ജോൺ മാമ്പ്രയും പി ടി അഹമ്മദും ബജറ്റിനെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവച്ചു. 
കേന്ദ്ര ബജറ്റും സംസ്ഥാന ബജറ്റും സ്വീകരിച്ചിരിക്കുന്നത്‌ രണ്ട്‌ സമീപനങ്ങളാണെന്ന്‌ പീലിപ്പോസ്‌ തോമസ്‌ പറഞ്ഞു. കേന്ദ്രത്തിന്‌ വിഭവസമാഹരണത്തിനുള്ള സാധ്യതകൾ ഏറെയുണ്ട്‌. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നു. വിഭവത്തിനൊത്ത്‌ ബജറ്റ്‌ ഉയർന്നില്ല. തൊഴിലുറപ്പ്‌ പദ്ധതിക്കുപോലും ആവശ്യത്തിനുള്ള തുക നീക്കിവച്ചില്ല. എന്നാൽ, കേന്ദ്രത്തിന്റെ കടുത്ത അവഗണനയിലും സംസ്ഥാന ബജറ്റ്‌ ക്ഷേമപദ്ധതികൾക്ക്‌ പ്രാധാന്യം നൽകി. ക്ഷേമപെൻഷനിൽ നിന്ന്‌ അനർഹരെ ഒഴിവാക്കി. 100 രൂപ വർധിപ്പിച്ചു. 
രാജ്യം വൻ സാമ്പത്തികമാന്ദ്യം നേരിടുന്നു. ഗ്രാമീണ മേഖലയിൽ കൂടുതൽ പണം ചെലവഴിക്കാനുള്ള സാഹചര്യമുണ്ടായാൽ മാത്രമേ രാജ്യത്തിന്‌ കരകയറാനാകൂ എന്നും അദ്ദേഹം പറഞ്ഞു. 
അന്ത്യോദയയിൽ ഊന്നൽ നൽകിക്കൊണ്ടാണ്‌ കേന്ദ്രസർക്കാർ ബജറ്റെന്ന്‌ അശോകൻ കുളനട അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ഏറ്റവും താഴേതട്ടിലുള്ളവരെ കൈപിടിച്ചുയർത്താനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില കുറയുമ്പോൾ രാജ്യത്ത്‌ പെട്രോളിനും പാചകവാതകത്തിനും വില കൂടുന്ന സാഹചര്യമാണുള്ളതെന്ന്‌ ശിവദാസൻ നായർ അഭിപ്രായപ്പെട്ടു. ഇരു ബജറ്റുകളും ഒരേ സമീപനങ്ങളാണ്‌ മുന്നോട്ടുവക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ബോബി ഏബ്രഹാം മോഡറേറ്ററായി. സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും എക്‌സിക്യൂട്ടീവംഗം എ ബിജു നന്ദിയും പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top