26 January Wednesday
ജില്ലയുടെ മനസ്സും കെ റെയിലിനൊപ്പം

കൂകിപ്പായും... ഉയരട്ടെ, വളരട്ടെ വികസനപ്പാത...

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കെ റെയിൽ എംഡി വി ഡി അജിത്ത് പദ്ധതി വിശദീകരിക്കുന്നു

പത്തനംതിട്ട
സംസ്ഥാന  വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന  കെ റെയിലിന്  മലയോര ജില്ലയിൽ  പരക്കെ സ്വാഗതം.  നാടിന്റെ പൊതു വികസനത്തിന് ദീർഘവീക്ഷണത്തോടു കൂടി നടപ്പാക്കുന്ന പദ്ധതിയെ വിവിധ മേഖലകളിൽ നിന്നുള്ളവർ  സ്വാ​ഗതം ചെയ്തു.  പദ്ധതി  സംബന്ധിച്ച് ജനങ്ങൾ ഉന്നയിച്ച ആശങ്കകളും പരാതികളും പരിഹരിക്കണമെന്നും  പത്തനംതിട്ടയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
 ജില്ലയിലെ സാമുദായിക സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ മേഖലയിലെ ജനപ്രതിനിധികളും പങ്കെടുത്ത ചർച്ച മാക്കാംകുന്ന് ഓഡിറ്റോറിയത്തിലാണ് 
 നടന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്  ധന മന്ത്രി കെ എൻ ബാലഗോപാലും ആരോ​ഗ്യ മന്ത്രി  വീണാ  ജോർജും  കാര്യങ്ങൾ വിശദീകരിച്ചു. 
സംസ്ഥാനത്ത് സിൽവർ ലൈൻ കടന്നുപോകുന്ന  കുറഞ്ഞ ദൂരം  ഉള്ള ജില്ലകളിൽ ഒന്നാണ്  പത്തനംതിട്ട.  9 വില്ലേജുകളിലായി 22  കിലോമീറ്റർ പാതയാണ് ജില്ലയിലൂടെ കടന്നു പോവുക. . 
 ലൈൻ  പോകുന്ന ഭൂമിയുടെ സർവ്വേ നടപടികളാണ് പുരോഗമിക്കുന്നത്. സർവ്വേയ്ക്ക്  ശേഷം  സാമൂഹികാഘാത പഠനം നടത്തും. കളമശ്ശേരി രാജഗിരി കോളേജിലെ വിഭാഗമാണ്  പഠനം നടത്തുക.  ഇത് സംബന്ധിച്ച് വിജ്ഞാപനവും ഇറങ്ങി. പ്രാഥമിക  പരിസ്ഥിതി പഠനമാണ് നടത്തിയത്.   പരിസ്ഥിതി സംബന്ധിച്ച്  കൂടുതൽ പഠനങ്ങൾ   നടക്കും. ജനങ്ങൾക്കും പരിസ്ഥിതിക്കും ഏറ്റവും കുറഞ്ഞ തരത്തിൽ ബാധിക്കുന്ന വിധത്തിലാകും പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രിമാർ വ്യക്തമാക്കി. പൂർണമായും ജനങ്ങളെ വിശ്വാസത്തിലെടുത്തെ പദ്ധതി നടപ്പാക്കു. 
വളരെ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളാണ്  പദ്ധതി സംബന്ധിച്ച് നടത്തുന്നതെന്നും ചർച്ചയിൽ  അഭിപ്രായമുയർന്നു.  കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തിയാകും   മുന്നോട്ട് പോവുക. സംസ്ഥാനത്തിന്റെ  പൊതു വികസനവും ഏറെ തൊഴിൽ സാധ്യത  നല്‍കുന്ന പദ്ധതി കൂടിയാണിത്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മന്ത്രിമാർ പറഞ്ഞു. പ്രവാസികൾ ഏറെയുള്ള ജില്ലയിൽ വളരെയധികം പ്രയോജനകരമാകുന്ന പദ്ധതി കൂടിയാകും കെ റെയിലെന്ന്  ചർച്ചയിൽ പങ്കെടുത്തവർ  ഒരുപോലെ അഭിപ്രായപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top