25 February Thursday
നേതാക്കളുടെ രാജി

അടൂരിൽ കോൺഗ്രസിന്റെ അടിത്തറ ഇളക്കി

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

 അടൂർ

കോൺഗ്രസ്‌ നേതാക്കളുടെ രാജി അടൂരിൽ കോൺഗ്രസിന്റെ അടിത്തറ ഇളക്കി.  ഡിസിസി ജനറൽ സെക്രട്ടറിയും മഹിള കോൺഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്തംഗവുമായ സുധാക്കുറുപ്പ്, ഏനാത്ത് മണ്ഡലം പ്രസിഡന്റും മുൻ ഏനാത്ത് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോൺകുട്ടി, ഏറത്ത് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജെ ശൈലേന്ദ്രനാഥ് എന്നിങ്ങനെ ‌ നേതാക്കളും കുറച്ചധികം പ്രവർത്തകരുമാണ്‌  കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന്‌ രാജിവെച്ചത്.
നേതാക്കളുടെ രാജി അടൂർ അസംബ്ലി മണ്ഡലത്തിലെ കോൺഗ്രസിന്റെ അടിത്തറയിളക്കി. നേതാക്കൾക്കൊപ്പം പ്രവർത്തകരും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്നു. രാജിവെയ്ക്കുന്നവർ സിപിഐ എം ന്റെ ഭാഗമായി മാറുന്നത് ബിജെപിയെയും അലസോരപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ദയനീയ തോൽവിക്ക് കാരണക്കാർ നേതൃത്വമാണെന്ന് വിലയിരുത്തലാണ് കോൺഗ്രസ് യോഗങ്ങളിൽ പ്രകടമാകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന അടൂർ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഏഴംകുളത്തും ഏനാത്തും പഴകുളത്തും പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥികളെ പ്രചാരണ പ്രവർത്തനം തുടങ്ങിയ ശേഷം മാറ്റി  സ്ഥാനാർഥിത്വം മുസ്ലീം ലീഗിന് നൽകിയതിനെതിരെ രൂക്ഷ വിമർശനമാണ് ഡിസിഡി  പ്രസിഡന്റിനെതിരെ ഉയർത്തിയത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞതനുസരിച്ചാണ് സ്ഥാനാർഥിത്വം മാറ്റി നൽകിയതെന്നാണ് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് വിശദീകരിച്ചത്. 
കോൺഗ്രസ് സ്ഥാനാർഥികളായി മൽസരിച്ച ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മൽസരിച്ച സ്ഥാനാർഥികൾക്ക് ചിഹ്നം നൽകുന്നതിന് 5000 രൂപ വീതവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളിൽനിന്ന്‌ 10,000 രുപ വീതവും ഡിസിസി നേതൃത്വം വാങ്ങിയതിനെയും വിമർശിച്ചു.സ്ഥാനാർഥികളിൽനിന്ന്‌ വാങ്ങിയ ലക്ഷങ്ങൾ എവിടെ പോയെന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. പണം വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പിൽ ഒരു രൂപ പോലും ഡിസിസി നേതൃത്വം ചെലവഴിച്ചില്ല. ഇങ്ങനെ നീളുന്ന ആരോപണങ്ങളെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ, കെപിസിസി ജനറൽ സെക്രട്ടറി ഷുക്കൂർ, പന്തളം സുധാകരൻ, ബാബു ജോർജ്‌ എന്നിവർ കേട്ടിരുന്നു. യോഗത്തിൽ പങ്കെടുത്തവർ ഗ്രൂപ്പ് വ്യത്യാസം മറന്നാണ് വിമർശനം ഉയർത്തിയത്. അടൂർ മണ്ഡലത്തിലെ കൊടുമൺ, ഏഴംകുളം, ഏറത്ത്, കടമ്പനാട് ,പള്ളിക്കൽ, പന്തളം തെക്കേക്കര പഞ്ചായത്തുകളും അടൂർ മുനിസിപ്പാലിറ്റിയും എൽഡിഎഫ് ഭരണത്തിലായി. തുമ്പമൺ പഞ്ചായത്ത് മാത്രമാണ് കോൺഗ്രസ് ഭരണത്തിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top