പത്തനംതിട്ട
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി ജില്ലയിൽ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ എത്തി. തിരുവനന്തപുരം റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേക താപനില ക്രമീകരിച്ച ബോക്സുകളിൽ 21030 ഡോസ് കോവിഷീൽഡ് വാക്സിനാണ് ജില്ലയിൽ എത്തിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച വാക്സിൻ ഡെപ്യുട്ടി ഡിഎംഒ ഡോ. സി എസ് നന്ദിനി, ആർസിഎച്ച് ഓഫീസർ ഡോ. ആർ സന്തോഷ് കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാജൻ മാത്യു, ആർഎംഒ ഡോ. ആശിഷ് മോഹൻ, ജില്ലാ മാസ് മീഡിയാ ഓഫീസർ എ സുനിൽകുമാർ, ഫാർമസിസ്റ്റ് ജയകുമാർ, എംസിഎച്ച് ഓഫീസർ ഷീല, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് ബിന്ദു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
16ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഒൻപതു കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം തുടങ്ങും. ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവെപ്പ് നൽകുന്നത്. ഒരു ദിവസം ഒരു കേന്ദ്രത്തിൽ 100 പേർക്കാണ് വാക്സിൻ നൽകുന്നത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വാക്സിൻ വിതരണം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ പൂർത്തിയായിട്ടുണ്ട്. ഒരു വാക്സിനേറ്റർ, നാല് വാക്സിനേഷൻ ഓഫീസർമാർ എന്നിവർ അടങ്ങിയ ഒരു ടീമാണ് ഒരു വാക്സിനേഷൻ കേന്ദ്രത്തിലുള്ളത്. വാക്സിനേഷനു ശേഷം എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനുള്ള ആംബുലൻസ് അടക്കമുള്ള സംവിധാനവും ഇവിടെയുണ്ടാകും. വാക്സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വാക്സിൻ നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..