Deshabhimani

ഗാന്ധിജി എത്താത്ത ഗാന്ധി ജങ്ഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 01:58 AM | 0 min read

കോന്നി
പത്തനംതിട്ടയിൽ സംസ്ഥാന പാതയിൽ  ഉണ്ടൊരു  ഗാന്ധി ജങ്ഷൻ. ഗാന്ധിജി സന്ദർശിച്ചതിന്റെ പേരിലുണ്ടായതല്ല ഈ ജങ്ഷൻ.  അളവറ്റ ഗാന്ധി സ്നേഹത്തിൽ പ്രദേശവാസികളുടെ കൂട്ടായ്മയിൽ ഉണ്ടായതാണ് ഈ  ജങ്ഷൻ. പുനലൂർ-– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടൽ അമ്പലപ്പടിയ്ക്കും, ഇഞ്ചപ്പാറയ്ക്കുമിടയിലാണ് ഗാന്ധി ജങ്ഷൻ. മുമ്പ് തടത്തിക്കുന്നേൽ പടി എന്ന പേരിലറിയപ്പെട്ടിരുന്ന  ജങ്ഷൻ ഔദ്യോഗിക രേഖകളിലും, ചരിത്രരേഖകളിലും ഗാന്ധി ജങ്ഷനെന്ന പേരിലറിയപ്പെടാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഇവിടെ നിന്നുമാരംഭിക്കുന്ന തേമ്പാവു മണ്ണ് - പാങ്ങോട് റോഡും, ഗാന്ധി ജങ്ഷൻ - നെടുമൺകാവ് റോഡും 50 വർഷം മുമ്പ് നടവഴികൾ മാത്രമായിരുന്നു. എതിർപ്പുകൾ അവഗണിച്ച്‌ നടവഴികൾ വീതി കൂട്ടി റോഡുകളാക്കി മാറ്റി. റോഡുകൾ ആയ ശേഷമാണ് അന്നത്തെ  പഞ്ചായത്തംഗമായിരുന്ന കമുകും പള്ളിൽ കെ ജി ബർസോം തടത്തിക്കുന്നേൽ പടിയ്ക്ക് ഗാന്ധി ജങ്ഷൻ എന്ന പേരിട്ടത്. തുടർന്ന്  ജങ്ഷൻ നാൽക്കവലയും, കോന്നി - പത്തനാപുരം പാതയിലെ ബസ് സ്റ്റോപ്പും ഒക്കെയായി മാറി.  ഇന്ന് ചിരപരിചിതമായ ജങ്ഷനിൽ രണ്ടു പതിറ്റാണ്ടു മുമ്പ് വരെ ഗാന്ധി പ്രതിമ ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ കൂട്ടായ്‌മയിൽ 2005 ലാണ് അഞ്ചടിയിലധികം ഉയരമുള്ള ഗാന്ധി പ്രതിമ സ്തൂപം നിർമിച്ച് സ്ഥാപിച്ചത്. കൂടൽ ജങ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമാണ് ഗാന്ധി ജങ്ഷനിലേക്ക്. സംസ്ഥാന പാതയുടെ വശത്തുള്ള ഗാന്ധി പ്രതിമയും, ജങ്ഷനും ഇതുവഴി യാത്ര ചെയ്യുന്നവരുടെ ദൃഷ്ടിയിൽ ഇടം നേടാറുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home