22 October Tuesday
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

ആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

 കോഴഞ്ചേരി

ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം ഞായറാഴ്‌ച പകൽ ഒന്നിന്‌ സംസ്ഥാന ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി അധ്യക്ഷനാകും. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. രാമപുരത്ത് വാര്യർ അവാർഡ് എസ് രമേശൻ നായർക്ക് വനം-മൃഗസംരക്ഷണ  മന്ത്രി കെ രാജു സമ്മാനിക്കും. പള്ളിയോട ശിൽപ്പി അയിരൂർ സതീഷ് ആചാരിയെ വീണാ ജോർജ് എംഎൽഎ ആദരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ സ്മരണികയുടെ പ്രകാശനം നിർവഹിക്കും. വഞ്ചിപ്പാട്ട് ആചാര്യൻ മേലുകര ശശിധരൻ നായരെ ആന്റോ ആന്റണി എംപി ആദരിക്കും.
ആറന്മുള മത്സര വള്ളംകളിയുടെ ഉദ്ഘാടനം ജലവിഭവ  മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും. പള്ളിയോട യുവശിൽപ്പി വിഷ്ണു വേണു ആചാരിയെ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി ആദരിക്കും. വിജയികൾക്കുള്ള മന്നം ട്രോഫി ഉൾപ്പെടെ സമ്മാന ദാനം എൻഎസ്എസ് പ്രസിഡന്റ് പി എൻ നരേന്ദ്രനാഥൻ നായർ നിർവഹിക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് എ ബാച്ചിലും ബി ബാച്ചിലും മന്നം ട്രോഫി ലഭിക്കും. ഏറ്റവും നല്ല ചമയത്തിനുള്ള ആർ ശങ്കർ ട്രോഫി എ ബാച്ച് പള്ളിയോടത്തിനും ബി ബാച്ചിലെ മികച്ച ചമയത്തിന് ആറന്മുള പൊന്നമ്മ ട്രോഫിയും ലഭിക്കും. കൂടാതെ എ ബാച്ചിലും ബി ബാച്ചിലും ചമയത്തിന് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും ട്രോഫികൾ ലഭിക്കും.
ഈ വർഷം പുതുതായി ഏർപ്പെടുത്തിയ ചെമ്പകശേരി കുടുംബത്തിന്റെ 1350 ഗ്രാം വെള്ളിയിൽ തീർത്ത ട്രോഫിയും പള്ളിയോട സേവാസംഘം നിർവാഹക സമിതി അംഗവും കീക്കൊഴൂർ പള്ളിയോട പ്രതിനിധിയുമായിരുന്ന വിനോദിന്റെ സ്മരണയ്ക്കുള്ള വിനോദ് കുമാർ സ്മാരക ട്രോഫിയും പൂവത്തൂർ കിഴക്ക് ക്യാപ്ടനായിരുന്ന അനീഷ് പി അരവിന്ദിന്റെ പേരിലുള്ള ട്രോഫിയും വിവിധ ഇനങ്ങളിലെ വിജയികൾക്ക് സമ്മാനിക്കും.
മത്സരത്തിന്റെ രീതി
 ആറന്മുളയുടെ തനത് ശൈലിയിലുള്ള വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം,  വേഷവിധാനം,  അച്ചടക്കം എന്നിവയെല്ലാം മാനദണ്ഡമാക്കിയായിരിക്കും ജലോത്സവത്തിലെ വിജയിയെ തെരഞ്ഞെടുക്കുന്നത്. ഇവ പരിശോധിക്കുന്നതിനായി വിധികർത്താക്കളുടെ പാനൽ തയാറാക്കിയിട്ടുണ്ട്. വ്യത്യസ്തമായി ഇവർ അഞ്ച് മാനദണ്ഡങ്ങൾക്കും പ്രത്യേകം  മാർക്ക് നൽകുകയും വിജയിയെ നിശ്ചയിക്കാൻ അതിന്റെ ആകെത്തുക പരിഗണിക്കുകയും ചെയ്യും.
അനുമതിയില്ലാത്ത ബോട്ടുകൾ അനുവദിക്കില്ല
പള്ളിയോട സേവാസംഘത്തിന്റെ അനുമതിയില്ലാത്ത ബോട്ടുകൾ മത്സരം നടക്കുന്ന ഭാഗത്ത് പ്രവേശിക്കാൻ പാടില്ല. ഇത്തരം ബോട്ടുകൾക്കെതിരായി റേസ് കമ്മിറ്റി നടപടികൾ സ്വീകരിക്കും. മത്സരത്തിന് തടസമായി പമ്പാനദിയിൽ റേസ് കോഴ്‌സിൽ പ്രവേശിക്കുന്ന ബോട്ടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.
 
 
പ്രധാന വാർത്തകൾ
 Top