18 November Monday

വടക്കൻകേരളത്തിന്‌ സഹായമെത്തിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 പത്തനംതിട്ട

വടക്കൻകേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ ജില്ലാഭരണവുമായി കൈകോർക്കണമെന്ന് കലക്ടർ പി ബി നൂഹ് അഭ്യർഥിച്ചു. കേരളം ഒട്ടാകെ മഴക്കെടുതികളിലൂടെ കടന്നുപോകുകയാണെങ്കിലും വടക്കൻ കേരളത്തിലെ സ്ഥിതിവളരെ മോശമാണ്. ദിവസം കഴിയുംതോറും അവിടെ ക്യാമ്പുകളിലുള്ളവരുടെ എണ്ണം കൂടി വരികയാണ്. ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ വേണ്ടത്രയില്ല. കോഴിക്കോടും മലപ്പുറവും ഏകദേശം 50,000 വീതം ആളുകൾ ക്യാമ്പുകളിലാണ്. വയനാട് ഏകദേശം 35,000 ആളുകളും. അവിടെ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. കാലാവസ്ഥാ പ്രവചനമനുസരിച്ച് അടുത്ത ഒരാഴ്ച കൂടി അവിടെ റെഡും, ഓറഞ്ചും, യെല്ലോ അലർട്ടുമാണ്.  
കഴിഞ്ഞ വർഷം നമ്മൾ പ്രളയത്തിൽ അകപ്പെട്ടപ്പോൾ കൈമെയ്‌ മറന്ന് ഓടിവന്ന് സഹായിച്ചവരാണ്. ഏകദേശം 1,33,000 ആളുകൾ കഴിഞ്ഞ വർഷം നമ്മുടെ ജില്ലയിൽ ക്യാമ്പുകളിൽ ഉണ്ടായിരുന്നു. അവർക്ക് ഒരു കുറവും വരാതെ നോക്കിയവരാണ്. ഇന്ന് അവർ നമ്മളെക്കാൾ ദുരിതത്തിലാണ്. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. കഴിയുന്നവിധം അവശ്യസാധനങ്ങൾ കലക്ഷൻ സെന്ററിൽ എത്തിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top