25 August Sunday

സർക്കാർ കൈപിടിച്ചു; തോമസും കുടുംബവും ഇനി പുതിയ വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

റീബിൽഡ് കേരള പദ്ധതിയിൽ നിർമിച്ച വീട്ടിൽ തോമസും ഭാര്യ ഏലിയാമ്മയും

 പത്തനംതിട്ട

പ്രളയത്തെ പേടിക്കാതെ ഈ മഴക്കാലത്ത് റീബിൽഡ് കേരള പദ്ധതിയിൽ നിർമിച്ച പുതിയ വീട്ടിൽ സുരക്ഷിതമായി കിടന്നുറങ്ങാമെന്ന ആശ്വാസത്തിലാണ് തോമസും കുടുംബവും. മഹാപ്രളയത്തിൽ തന്റെ വീട് ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടപ്പോൾ തോമസ് ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയിരുന്നു. എന്നാൽ, ഇച്ഛാശക്തിയുള്ള സംസ്ഥാന സർക്കാരിന്റെയും സുമനസുകളുടെയും സഹായത്തോടെ പ്രളയത്തിൽ തകർന്നു പോയതെല്ലാം തിരിച്ചു പിടിച്ചിരിക്കുകയാണ് റാന്നി അങ്ങാടി വില്ലേജിലെ കൈപ്പുഴമട്ടൽ തോമസും ഭാര്യ ഏലിയാമ്മയും. കൂലിപ്പണിക്കാരനായ തോമസും കുടുംബവും വർഷങ്ങളായി കൈവശരേഖ മാത്രമുള്ള ഭൂമിയിൽ റാന്നി ഉപാസന കടവിലാണ് താമസിച്ചിരുന്നത്.  
കാലവർഷത്തിലെ ചെറിയ മഴയിൽ പോലും ഇവിടെ വെള്ളം കയറാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടു. അടുത്തുള്ള ഉപാസന തീയേറ്ററിന് മുകളിൽ അഭയം പ്രാപിച്ച ഇവരെ രക്ഷാപ്രവർത്തകർ എം എസ് ഹൈസ്‌കൂളിലെ ക്യാമ്പിൽ എത്തിച്ചു. എട്ടു ദിവസങ്ങൾക്കു ശേഷം തുണ്ടത്തിൽ പള്ളിയിലെ ക്യാമ്പിലെ ഒരു മാസത്തെ ജീവിതം. പിന്നീട് എന്തു ചെയ്യണമെന്നറിയാതെ കഴിയവേയാണ് സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിലൂടെ നാലു ലക്ഷം രൂപ ഭവന നിർമാണത്തിന് ലഭിക്കുമെന്ന് അറിഞ്ഞത്. ഒപ്പം പലരുടെയും സഹായവും ലഭിച്ചപ്പോൾ സ്ഥലം വാങ്ങി വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഞ്ചു മാസം വാടക വീട്ടിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി മാസത്തിൽ പുതിയ വീട്ടിൽ താമസം ആരംഭിച്ചു. 
 നിർമാണം ആരംഭിച്ചു രണ്ടു മാസം കൊണ്ട് പുതിയ വീട്ടിൽ താമസമാരംഭിച്ചു എന്നത് ഏറെ സന്തോഷകരമാണെന്ന് തോമസിന്റെ ഭാര്യ ഏലിയാമ്മ പറഞ്ഞു. സ്വന്തമായി വാങ്ങിയ അഞ്ചു സെന്റ് ഭൂമിയിലാണ് 545 ചതുരശ്ര  അടി വിസ്തീർണമുള്ള പുതിയ വീട് നിർമിച്ചിരിക്കുന്നത്. രണ്ടു മുറി, അടുക്കള, ഹാൾ, ശുചിമുറി എന്നിവയാണ് വീട്ടിലെ സൗകര്യങ്ങൾ. ജീവിതം അവസാനിച്ചു എന്നു തോന്നിയിടത്തു നിന്നാണ് ഈ അറുപതുകാരനെയും ഭാര്യയെയും സംസ്ഥാന സർക്കാർ കൈപിടിച്ച് ഉയർത്തിയത്. 
 
പ്രധാന വാർത്തകൾ
 Top