25 August Sunday
തട്ടിപ്പെന്ന് ആക്ഷേപം

വിളഞ്ഞ നെല്ല് കൊയ്യാതെ പാടശേഖരസമിതി മുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019
കോഴഞ്ചേരി
വിളഞ്ഞ നെല്ല് കൊയ്യാതെ പാടശേഖരസമിതി മുങ്ങി. പിന്നിൽ തട്ടിപ്പെന്ന് ആക്ഷേപം. കോൺഗ്രസ്സ് നേതാവു കൂടിയായ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാടശേഖര സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നാട്ടുകാർ.കോഴഞ്ചേരി പഞ്ചായത്തിലെ സ്തുതിക്കാട്ട് -ഇടത്ര പാടശേഖരത്തിലെ കൃഷിയാണ് വിവാദമായത്.
വിശാലമായ പാടശേഖരത്തിലെ പത്തേക്കർ സ്ഥലത്ത് കൃഷി ഇറക്കാനാണ് പാടശേഖര സമിതിയുടെ പേരിൽ പഞ്ചായത്തംഗം കൃഷിഭവനിലെത്തിയത്. എല്ലാ സഹായവും തരാമെന്നായി അധികൃതർ. വിശ്രമരഹിതമായി പ്രവർത്തിക്കുന്ന കൃഷി ഓഫീസർ പഞ്ചായത്തംഗത്തിന്റെ ചതുരവടിവിലുള്ള പ്രഭാഷണത്തിൽ വീണു. രേഖകൾ എല്ലാം മെമ്പർ കൊണ്ടുവരികയും ചെയ്തു.
നിലം ഉഴുത് വരമ്പുവെട്ടി കൃഷിയിറക്കാൻ ഒരു ലക്ഷം രൂപയും  വിത്തും കൃഷിഭവൻ നൽകി. തോടുവെട്ടിനീർച്ചാൽ ഒരുക്കാൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷവും അനുവദിച്ചു. പാടം ഉഴുതെന്നു വരുത്തി വിത്തും വിതച്ച‌് സ്തുതിക്കാട്ട് -ഇടത്ര പാടശേഖര സമിതി കരക്കു കയറി. കളപറിക്കാനോ, പറിച്ചുനടാനോ, വെള്ളം ഇറക്കാനോ വളമിടാനോ ആരും ഉണ്ടായില്ല. കൊയ്യാൻ പോലും ആരും എത്താതായതോടെയാണ് തട്ടിപ്പിനെ കുറിച്ച് നാട്ടുകാർക്ക് ബോധ്യമായത്.
ഏതായാലും തോടുവെട്ടിയ മികവുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം കൊടുത്തില്ല എന്നറിയുന്നു.കോഴഞ്ചേരി കൈതത്തറയിൽ സന്തോഷ് കുമാർ പ്രസിഡന്റും, ഇടയാറൻമുള സ്വദേശി കെ ആർ സുരേഷ് സെക്രട്ടറിയും, സിജി സുരേഷ് ട്രഷററുമായ സമിതിയാണ് കൃഷി ഇറക്കിയത്.  പഞ്ചായത്തംഗമായിരുന്നു ഓഫീസിലെത്തിയിരുന്നതെന്ന് അധികൃതർ പറയുന്നു. ഈ പാടത്ത് കൊയ്ത്തു നടക്കണ്ടത് മാർച്ച് ഏപ്രിൽ മാസത്തിലാണ്. എന്നാൽ ഫെബ്രുവരി മാസത്തിലാണ് കൃഷിനടത്താൻ എത്തിയത് എന്നതു തന്നെ തട്ടിപ്പിനായിരുന്നു എന്നാണ് ഇപ്പോൾ പറയുന്നത്.ഇവരിൽ നിന്നും സർക്കാരിന‌് നഷ്ടമായ പണം തിരികെ ഈടാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 
 
 
പ്രധാന വാർത്തകൾ
 Top