24 August Saturday

രാജു പി ജോർജ്, ഫാ. ബിജു മികച്ച മത്സ്യ കർഷകർ; ഉഷാകുമാരി മികച്ച അക്വാകൾച്ചർ പ്രൊമോട്ടർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

 പത്തനംതിട്ട

ജില്ലയിലെ മികച്ചശുദ്ധജല മത്സ്യകർഷക അവാർഡിന് നിരണം കൊച്ചുമേലേ പുറത്ത് രാജു പി ജോർജും നൂതന മത്സ്യകൃഷി രീതി നടപ്പാക്കിയ കർഷകനുള്ള അവാർഡിന് തിരുവല്ല മേരിഗിരി കാത്തലിക് ബിഷപ്പ്ഹൗസിലെ ഫാ. ബിജുവും അർഹരായി. ജില്ലാതലത്തിലെ മികച്ച അക്വാകൾച്ചർ പ്രൊമോട്ടറായി തിരുവല്ല വെൺപാല മുപ്പരിയിൽ ഉഷാകുമാരി തെരഞ്ഞെടുക്കപ്പെട്ടു.പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് മികച്ചശുദ്ധജല മത്സ്യകർഷക അവാർഡ്.  
50 സെന്റ് വിസ്തൃതിയുള്ള കുളത്തിൽ ഗിഫ്റ്റ് മത്സ്യകൃഷി നടത്തിവരികയാണ് രാജു. 
റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം രീതിയിൽ ഗിഫ്റ്റ് മത്സ്യകൃഷിയാണ് ഫാ. ബിജു നടത്തിവരുന്നത്.  കുറഞ്ഞ വിസ്തൃതിയിൽ നിന്നും കൂടുതൽ മത്സ്യം വിളവെടുപ്പിനോടൊപ്പം പച്ചക്കറികൃഷിയും ഈ രീതിയിൽ സാധ്യമാകുന്നു.  പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് മികച്ച നൂതന മത്സ്യകൃഷി രീതി നടപ്പിലാക്കിയ കർഷകനുള്ള അവാർഡ്.  അയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് മികച്ച അക്വാകൾച്ചർ പ്രൊമോട്ടർക്കുള്ള അവാർഡ്. തദ്ദേശ സ്വയംഭരണതലത്തിൽ മത്സ്യകൃഷി പ്രവർത്തനങ്ങളുടെ നേതൃത്വവും ഏകീകരണവും മികച്ച രീതിയിൽ നടത്തിയതാണ് തിരുവല്ല നഗരസഭ, കുറ്റൂർ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അക്വാകൾച്ചർ പ്രൊമോട്ടറായ ഉഷകുമാരിയെ അവാർഡിന് അർഹയാക്കിയത്. 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അവാർഡ് വിതരണം ചെയ്തു. തിരുവല്ല നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി, പോളച്ചിറ ദേശീയ മത്സ്യവിത്ത് ഉൽപാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സുധ ബി നായർ തുടങ്ങിയവർ സംസാരിച്ചു.  നൂതന കൃഷിരീതികളും മത്സ്യകൃഷിയിലെ സാധ്യതകളും എന്ന വിഷയത്തിൽ ജില്ലാ ഫിഷറീസ് ഓഫീസർ എസ് പ്രിൻസ് ബോധവൽകരണ ക്ലാസ് നയിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top