12 November Tuesday

തോട്ടഭാഗം–-ചങ്ങനാശേരി റോഡ് പുനർനിർമാണം: തടസങ്ങളുയർത്തിയവർ ഒറ്റപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

പുനർനിർമാണം നടക്കുന്ന തോട്ടഭാഗം‐ ചങ്ങനാശേരി റോഡ്‌

 ഇരവിപേരൂർ

രാജ്യാന്തര നിലവാരത്തിൽ പുനർനിർമാണം ആരംഭിച്ച തോട്ടഭാഗം –-ചങ്ങനാശേരി റോഡിൽ മഴക്കാലം ആരംഭിച്ചതോടെ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡുനിർമാണം നടക്കുന്നതറിയാതെ വരുന്ന ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിനിരയാകുന്നവരിൽ ഏറെയും. റോഡിലെ മണ്ണ‌് നനഞ്ഞ് ചെളിയായി കുഴഞ്ഞ് കിടക്കുന്നതിൽ തെന്നിവീണാണ് അപകടങ്ങളത്രയും ഉണ്ടായത്.  മഴക്കാലത്തിനു മുൻപ് റോഡിന് വീതി കൂട്ടുകയും മണ്ണിട്ടുയർത്തുകയും തുടർന്ന് മെറ്റലിട്ട് ഉറപ്പിക്കുകയും ചെയ്യാം എന്ന ധാരണയിലാണ് പണികൾ ആരംഭിച്ചത്. എന്നാൽ, തോട്ടഭാഗം മുതൽ കവിയൂർ അന്തിച്ചന്ത വരെയുള്ള ഒരു കിലോമീറ്ററിലെ ഏതാനും വസ്തു ഉടമസ്ഥരുടെ പിടിവാശിയാണ് നിർമാണ പ്രവർത്തനം അവതാളത്തിലാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻവശം, ഞാൽഭാഗം ജങ‌്ഷൻ, മാവേലി സ്റ്റോറിനു മുൻവശം തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങളത്രയും നടന്നത്. ഈ ഭാഗങ്ങളിലാണ്  റോഡു നിർമാണത്തിന‌് ഇനിയും വസ്തു വിട്ടുകൊടുക്കാത്തത‌്. ആറു സെന്റിൽ കിണറോടു കൂടിയ വീടുള്ളവർ പോലും രണ്ട് സെന്റ്  വസ‌്തു റോഡുവികസനത്തിനായി വിട്ടുകൊടുത്ത് മാതൃക കാട്ടി.
ഒരു കാലത്ത് ആറന്മുള പാർഥസാരഥി ക്ഷേത്രത്തെയും കവിയൂർ മഹാദേവക്ഷേത്രത്തെയും ചങ്ങനാശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെയും ബന്ധിപ്പിച്ചിരുന്ന രാജപാതയുടെ ഭാഗമായിരുന്നു തോട്ടഭാഗം –-ചങ്ങനാശേരി റോഡ്. അക്കാലത്ത് 40 അടിയിലേറെ വീതിയായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. പിൽക്കാലത്ത് റോഡിന്റെ പല ഭാഗങ്ങളും വ്യക്തികൾ കൈയടക്കുകയായിരുന്നത്രേ. അതുകൊണ്ടു തന്നെ കൈയേറിയിരിക്കുന്ന പുറമ്പോക്ക് ഭാഗങ്ങൾ പഴയ സർവേ മാനദണ്ഡമാക്കി അളന്നു തിട്ടപ്പെടുത്തി വീണ്ടെടുക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.
15 കിലോമീറ്റർ നീളം വരുന്ന റോഡിന് 12 മീറ്റർ വീതിയാണ് നിഷ്കർഷിച്ചിട്ടുള്ളത്. എഴുമീറ്റർ ടാറിങ്ങും ഇരുവശത്തും ഒന്നര മീറ്റർ വീതം പാർക്കിങ‌് സൈഡ് ബേയും ഓരോ മീറ്റർ വീതം കാൽനടയാത്രാ സ്ഥലവുമാണ്. ഇതിനായി കിഫ്ബി മുഖാന്തരം 33 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 
പായിപ്പാടു മുതൽ പഴമ്പള്ളി വരെയുള്ള ഭാഗം 12 മീറ്റർ വീതിയിൽ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഈ ഭാഗത്ത് ആദ്യഘട്ടത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്ന  ചിലരാകട്ടെ നിർമാണം പുരോഗമിക്കവേ സ്വമേധയാ ഭൂമി വിട്ടുനൽകുകയും ചെയ്തു. പൂവക്കാല ഇന്ത്യൻ പെന്തക്കോസ്തു ചർച്ച്, കണിയാമ്പറ സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് തുടങ്ങി നിരവധി ആരാധനാലയങ്ങളും സൗജന്യമായി ഭൂമി വിട്ടുനൽകി. ഞാൽഭാഗം ദേവീക്ഷേത്രവും ഭൂമി നൽകാൻ സമ്മതം അറിയിച്ചുകഴിഞ്ഞു.
പൊളിച്ച മതിലുകൾക്കു പകരമുള്ള മതിൽ പണി, വീതി കൂട്ടിയ ഭാഗങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ചുള്ള ഓട നിർമാണം തുടങ്ങിയ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കായി റോഡിൽ ഇട്ട മണ്ണാണ് പല അപകടങ്ങൾക്കും കാരണമായത്. ഓട നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ആ ഭാഗങ്ങൾ മണ്ണിട്ടുയർത്തിയില്ലെങ്കിൽ കാലവർഷം ശക്തമാകുന്നതോടെ വെള്ളം കെട്ടിക്കിടന്ന് കൂടുതൽ അപകടങ്ങൾ ഉണ്ടാകാനിടയുണ്ട‌്.
റോഡിനിരുവശവും ഭുമി  വിട്ടുകൊടുത്ത ഭാഗങ്ങളെല്ലാം മണ്ണിട്ടുയർത്തി വാഹനങ്ങൾക്കു സുഗമമായി പോകത്തക്കവിധം എഴുമീറ്റർ വീതിയിൽ പാറമക്കും മെറ്റലും നിരത്തി ഉറപ്പിക്കുന്ന ജിഎ‌സ‌്‌പി പണി മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഭൂമി വിട്ടുകിട്ടാത്തതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് കരാറുകാർ പറയുന്നു.
തോട്ടഭാഗം മുതൽ കണിയാംപാറ വരെയുള്ള മൂന്നു കിലോമീറ്ററിൽ അൻപതോളം കടമുറികളും സ്ഥാപനങ്ങളുമടക്കം ഇരുനൂറോളം പേർക്കാണ് റോഡിന്റെ ഇരുവശത്തുമായി വസ്തു ഉള്ളത്. ഇവരിൽ 10 പേർ മാത്രമാണ് എതിർപ്പു പ്രകടിപ്പിച്ച് മാറിനിൽക്കുന്നത്. ഇവർക്കെതിരെ ശക്തമായ ബഹുജനരോഷമാണ് ഉയരുന്നത്.
 
 
പ്രധാന വാർത്തകൾ
 Top