17 June Monday
ഉത്രട്ടാതി ജലമേളക്ക് ഹരിതചട്ടം

പമ്പയിലെ മൺപുറ്റുകൾ ജൂലൈ 15ന് മുമ്പ് നീക്കണം: വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

 പത്തനംതിട്ട

ആറന്മുള ജലമേളയ്ക്ക് പമ്പയാറ്റിലെ മൺപുറ്റുകൾ നീക്കുന്ന പ്രവൃത്തികൾ ജൂലൈ 15ന് മുമ്പ് പൂർത്തിയാക്കണമെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. ഉത്രട്ടാതി ജലമേളയ്ക്ക് സർക്കാർ തലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. ആറന്മുളയിൽ നടക്കുന്ന ഡ്രഡ്ജിങ് പ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന് പരാതിയുള്ളതിനാൽ ഇക്കാര്യത്തിൽ മേജർ ഇറിഗേഷൻ വകുപ്പ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണം. ഇതിലേക്ക് കൂടുതൽ തുക ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി ജലവിഭവ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. സത്രക്കടവ് മുതൽ ക്ഷേത്രക്കടവ് വരെ മേജർ ഇറിഗേഷൻ വകുപ്പ് നിർമിക്കുന്ന റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു. 
ജലമേള പൂർണമായും ഹരിതചട്ടം പാലിച്ച് നടത്തുമെന്ന് കലക്ടർ പി ബി നൂഹ് പറഞ്ഞു. ഇതിനുള്ള നിർദേശങ്ങൾ പള്ളിയോട സേവാസംഘം എല്ലാ പള്ളിയോട കരകൾക്കും നൽകും. ജലമേളയ്ക്ക് എത്തുന്നവർക്ക്  കൂടുതൽ ബോധവൽക്കരണം സർക്കാർ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നൽകും. ജലമേളയുമായി ബന്ധപ്പെട്ട എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കുന്നതിന് വ്യക്തമായ മാർഗരേഖ തയാറാക്കി നടപ്പാക്കണം. 
 ആളുകളെ ആകർഷിക്കുന്നതിന് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കാര്യക്ഷമമായ പ്രചാരണം ടൂറിസം വകുപ്പും, പള്ളിയോട സേവാസംഘവും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും നടത്തണമെന്ന് കലക്ടർ നിർദേശിച്ചു. ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോഴഞ്ചേരി, കോയിപ്രം പഞ്ചായത്തുകൾ തനത് ഫണ്ടിൽനിന്ന് തുക വിനിയോഗിച്ച് ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ഇതിന് പ്രത്യേക അനുമതി ആവശ്യമുള്ള പക്ഷം ശുപാർശ ഉടൻ നൽകണമെന്നും  കലക്ടർ നിർദേശിച്ചു. ഈ പഞ്ചായത്തുകൾ ജലമേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന്  വരും വർഷങ്ങളിൽ തൊഴിലുറപ്പ് ബജറ്റിൽ പ്രത്യേക അനുമതി വാങ്ങി തുക വകയിരുത്തുന്നതിന് ശ്രദ്ധിക്കണം. 
 
വാട്ടർ സ്റ്റേഡിയത്തിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ജില്ലാതലത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിക്കും.  ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് റവന്യു വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ കോ ഓർഡിനേറ്ററായി നിയമിക്കും. പമ്പയിലെ ജലവിതാനം കുറയുന്ന പക്ഷം മണിയാർ ഡാമിൽനിന്ന് ആവശ്യാനുസരണം ജലം ലഭ്യമാക്കും. ജലമേള ദിവസമായ ആഗസ്ത്് 29ന് കെഎസ്ആർടിസി തിരുവല്ല, ചെങ്ങന്നൂർ, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽ സർവീസുകൾ നടത്തും. ഫയർഫോഴ്സിന്റെ യൂണിറ്റും സ്കൂബാ ടീമും ജലമേളയിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കും. സത്രത്തിന്റെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉടൻ പൂർത്തിയാക്കും.  
യോഗത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി ടി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ബി സത്യൻ, നിർമല മാത്യൂസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി  അധ്യക്ഷ ലീലാമോഹൻ, പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാർ കൃഷ്ണവേണി, സെക്രട്ടറി പി ആർരാധാകൃഷ്ണൻ, വിവിധ തദ്ദേശഭരണ ഭാരവാഹികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top