23 August Friday

പി കെ വിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

 പത്തനംതിട്ട

തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സാമൂഹിക വികസനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എഐടിയുസി സംസ്ഥാന വർക്കിങ‌് കമ്മറ്റിയോടനുബന്ധിച്ച് സംഘടിപ്പിച്ച പി കെ വി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അന്ധമായ കോർപ്പറേറ്റ്വൽകരണം ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിൽ നിന്ന‌് സാമൂഹിക സുരക്ഷയും സാമൂഹിക വികസനവും പ്രതീക്ഷിക്കരുത്. തൊഴിലാളികളും കർഷകരും മറ്റ് ജനവിഭാഗങ്ങളും ഈ ഭരണത്തിൽ അപ്രസക്തരാകും. ഇനി നിയമങ്ങളും നിയമഭേദഗതികളുമെല്ലാം കോർപ്പറേറ്റുകൾക്കായി മാറ്റിയെഴുതും. ഒന്നരകോടി ലക്ഷം രൂപയുടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ചത് ലക്ഷക്കണക്കിന് തൊഴിലാളികളുടെ സുരക്ഷയെ ആണ് ബാധിച്ചിരിക്കുന്നത്. തൊഴിൽ സുരക്ഷ പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ വരാത്തത് വലിയ പോരായ്മയാണ്. 
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ കന്നിബജറ്റ് രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങൾക്ക് എതിരായി. ബജറ്റിലൂടെ ഏത് വിഭാഗത്തെയാണ് കേന്ദ്ര സർക്കാർ സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. 
എല്ലാകാലത്തും മൂലധനശക്തികളുടെ താൽപര്യം സംരക്ഷിച്ച് മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ ചെറുത്തുനിൽപ്പിന്റെ ശക്തി വർധിപ്പിക്കണം. പി കെ വിയുടെ ചിന്തകളും പ്രവർത്തന രീതികളും വർഗ്ഗീയ - മൂലധന ശക്തികൾക്കെതിരായ പോരാട്ടത്തിൽ കരുത്ത് പകരുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എഐടിയുസി ജില്ലാ പ്രസിഡന്റ് ഡി സജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ, പ്രസിഡന്റ് ജെ ഉദയഭാനു, ചിറ്റയം ഗോപകുമാർ എംഎൽഎ, സി എ കുര്യൻ, പി കെ കൃഷ്ണൻ, മുണ്ടപ്പള്ളി തോമസ്, എം വി വിദ്യാധരൻ, അഡ്വ. ബേബിച്ചൻ വെച്ചുച്ചിറ, ബെൻസി തോമസ് എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top