06 August Friday

കൊടുമുടിയിൽ വീണ്ടും 
കാട്ടാനകൂട്ടം ഇറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021
ചിറ്റാർ
കൊടുമുടിയിൽ കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കാരികയം - കൊടുമുടി വനത്തിൽ നിന്നാണ് കാട്ടാനകൂട്ടം എത്തുന്നത്.  പ്രദേശവാസികൾ ഭീതിയിൽ.
കഴിഞ്ഞരാത്രി കൊടുമുടി പുത്തൻവിളയിൽ സുരേഷിന്റെ  കൃഷികൾ വ്യാപകമായി നശിപ്പിച്ചു. വിളവെടുക്കാറായ കൃഷിയാണ് തല്ലിതകർത്തതെല്ലാം. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം കൊടുമുടി വനത്തിന്‌ സമീപത്തെ കൃഷിയിടത്തിലെ പ്ലാവിൽ നിന്നും ചക്ക തിന്ന ശേഷം നാശം വിതച്ചാണ് വനത്തിലേക്ക് പുലർച്ചേ മടങ്ങിയത്. വനത്തിന് സമീപത്ത് ജനവാസ കേന്ദ്രമാണ് തെക്കേക്കര പ്ലാന്റേഷൻ ഭാഗവും കൊടുമുടി ആദിവാസി കോളനിയും കാരികയം ഭാഗവും. രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ  കാരികയം വനത്തിലൂടെ ഇറങ്ങി റബർ തോട്ടത്തിലൂടെയാണ് കൃഷിയിടങ്ങളിലേക്ക് നീങ്ങുന്നത്. കാരികയം കൊടുമുടി ബെൽറ്റ് കാടാണ്. ഈ വനത്തിന്‌ സമീപത്താണ് ജനവാസ കേന്ദ്രമായ കാരികയം പത്തരയേക്കർ കോളനിയും കൊടുമുടി കോളനിയും സ്ഥിതി ചെയ്യുന്നത്. ഇവിടെ നൂറുകണക്കിന്‌ ആളുകളാണ് താമസിക്കുന്നത് .കൊടുമുടിയിൽ നിന്നും എളുപ്പത്തിൽ ചിറ്റാറ്റിലും കരികയത്തും എത്താനുള്ള നടപ്പാത വനത്തിലൂടെ ഉണ്ട്.  കാട്ടാനകൂട്ടം ഇറങ്ങിയതോടെ ഇതു വഴി യാത്ര ചെയ്യാൻ ആളുകൾക്ക് ഭയമാണ്.
വനാതിർത്തിക്ക്‌ സമീപത്തെ  റബർ ടാപ്പിങിനായി പുലർച്ചെയാണ് തൊഴിലാളികൾ എത്തുന്നത്. കാട്ടാന കൂട്ടം ഇറങ്ങുന്നതറിഞ്ഞ്  തൊഴിലാളികൾക്കു ഭയമായി.കൊടുമുടി ,തെക്കേക്കര, കാരികയം വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ച സോളാർ വൈദ്യുതവേലി  തകർന്നിട്ട് മാസങ്ങളായി. വൈദ്യുത വേലിയും തകർത്താണ് കാട്ടാന കൂട്ടങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top