17 September Tuesday
ഉദ്യോഗസ്ഥരുടെ അലംഭാവം

അട്ടച്ചാക്കൽ- പുതുക്കുളം റോഡ‌് തകർന്നു; അപകടം പതിവായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 കോന്നി

അട്ടച്ചാക്കൽ- പുതുക്കുളം റോഡ‌്തകർന്നത‌് മൂലം അപകടങ്ങൾ പതിവായി.  രൂക്ഷമായ പൊടിശല്യമാണ്‌ അനുഭവപ്പെടുന്നത്‌. മഴപെയ്യുന്ന ദിവസങ്ങളിൽ പൊടി ശല്യത്തിന് കുറവുണ്ടാകുമെങ്കിലും റോഡിൽ രൂപപ്പെടുന്ന ചെളിയും ഇളകിയ മെറ്റലും വലിയ രീതിയിലുള്ള അപകടങ്ങളാണ് സൃഷ്ടിക്കുന്നത്.
മെറ്റലിങ‌് പൂർത്തീകരിച്ചിട്ടും ടാറിങ‌് തുടങ്ങാൻ കഴിയാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. അത്യാധുനിക നിലവാരത്തിൽ റോഡ്‌ നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നും 17 കോടി രൂപയാണ് അനുവദിച്ചത്. റോഡിലൂടെയുള്ള പൈപ്പ് മാറ്റുന്നതിന് വാട്ടർ അതോറിറ്റിക്ക്‌ പ്രത്യേക ഫണ്ടും അനുവദിച്ചു. റോഡ് നിർമാണം അവസാനഘട്ടത്തിലെത്തിയിട്ടും റോഡിലൂടെയുള്ള പൈപ്പ്‌ മാറ്റാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.തുടർച്ചയായുണ്ടാകുന്ന അപകടങ്ങളും പൊടിശല്യവും മൂലം ജനം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ്‌ അനുഭവിക്കുന്നത്. 
നിലവിൽ ഈ റോഡിനോട് ചേർന്ന് കേന്ദ്രീയ വിദ്യാലയം അടക്കം നാലോളം വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. റോഡിന്റെ ദുരവസ്ഥ വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന നിലയാണ്.  ഉദ്യോഗസ്ഥരുടെ അലംഭാവം ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റി, പൊതുമരാമത്ത് മന്ത്രിമാർക്ക് സിപിഐ എം കോന്നിതാഴം ലോക്കൽ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള സമര പരിപാടികൾ ആരംഭിക്കുമെന്ന് ലോക്കൽ സെക്രട്ടറി ജിജോ മോഡി അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top