22 June Tuesday
ഊരുകളിൽ ജാഗ്രത സമിതികൾ സജീവം

കോവിഡ് കാലത്തും വറുതിയില്ലാതെ...

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

അട്ടത്തോട് പടിഞ്ഞാറേക്കരയിൽ ആദിവാസി ഊരുകളിലേക്ക് ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ 
വിതരണത്തിനായി കിറ്റുകൾ തയാറാക്കുന്നു

 പത്തനംതിട്ട

ജില്ലയിൽ ആദിവാസി ഊരുകളിൽ കോവിഡ് കാലത്തും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ജില്ലാ ഭരണകേന്ദ്രം  വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ.  സൗജന്യ റേഷൻ, സ്പെഷ്യൽ കിറ്റ് ലഭ്യത, വിതരണം എന്നിവ സിവിൽ സപ്ലൈസ്, ട്രൈബൽ ഡെവലപ്മെന്റ് എന്നീ വകുപ്പുകൾ ഉറപ്പുവരുത്തുന്നു. കണ്ടെയ്ൻമെന്റ്  സോണിൽ ഉള്ളവരുടെ ഭക്ഷ്യധാന്യങ്ങൾ പ്രൊമോട്ടർമാർ നേരിട്ട് റേഷൻ കടകളിൽ നിന്നും ശേഖരിച്ചു വീടുകളിൽ എത്തിച്ചു നൽകിവരുന്നു. 
ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം പോഷകാഹാര വിതരണം ജൂൺ മാസത്തിൽ ട്രൈബൽ ഡെവലപ്മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ ഊരുകളിൽ പ്രൊമോട്ടർമാർ വിതരണം ചെയ്യുമെന്ന് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ ഓഫീസർ എസ് എസ് സുധീർ പറഞ്ഞു. ഇത്തരത്തിൽ 2057 കിറ്റുകളാണ് വിതരണം ചെയ്യുക. ട്രൈബൽ ഡെവലപ്മെന്റ വകുപ്പ് ഉദ്യോഗസ്ഥരും 47 പ്രൊമോട്ടർമാരും ഫീൽഡിൽ സജീവമാണ്.
നിർധന കുടുംബങ്ങൾക്ക് ഹോർട്ടിക്കോർപ് മുഖേന സവാള, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, വെളുത്തുള്ളി, ബീറ്റ്റൂട്ട്, ക്യാരറ്റ്, ബീൻസ്, തക്കാളി, മുളക് തുടങ്ങി ഒൻപതിന പച്ചക്കറി കിറ്റ് വിതരണവും നടന്നുവരുന്നു.  രോഗം ബാധിക്കുകയോ നിരീക്ഷണത്തിലാകുകയോ കണ്ടെയ്ൻമെന്റ് സോണിൽ ഉള്ളതോ ആയ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വീടുകളിൽ എത്തിച്ചു നൽകുന്നു.    
ഊരുതലങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച്‌ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അനാവശ്യമായി മറ്റുള്ളവർ ഊരുകളിൽ പ്രവേശിക്കുന്നതിന്‌ കർശന വിലക്കും ഏർപ്പെടുത്തി. ഊരുകളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. എല്ലാ ആശുപത്രികളിലും ആദിവാസി വിഭാഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. ചെലവാകുന്ന വാഹന വാടക അടക്കമുള്ള മുഴുവൻ തുകയും വകുപ്പ് അനുവദിച്ചു നൽകും.
ട്രൈബൽ ഡെവലപ്മെന്റ് വകുപ്പിന്റ മൊബൈൽ മെഡിക്കൽ യൂണിറ്റ് എല്ലാ ഊരുകളിലും ഭവന സന്ദർശനം നടത്തി അവബോധ ക്ലാസുകൾ, അവശ്യ മരുന്നുകൾ എന്നിവ നൽകി വരുന്നു.  റെഡ് ക്രോസ്‌ സൊസൈറ്റിയും വകുപ്പിനോട് ചേർന്ന് ഊരുകളിൽ സേവനം ചെയ്യുന്നുണ്ട്. കിടപ്പു രോഗികൾക് മരുന്നുകൾ പ്രൊമോട്ടർമാർ വഴി ഊരുകളിൽ എത്തിച്ചു നൽകുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top