18 May Tuesday
അഞ്ചുവയസുകാരിയുടെ മരണം

രണ്ടാനച്ഛനെ തെളിവെടുപ്പിനെത്തിച്ചു പ്രതിക്ക്‌ ലഹരി വിൽപനയും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021
പത്തനംതിട്ട 
അഞ്ചു വയസുകാരിയെ പീഡനത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെ പൊലീസ്‌ ചോദ്യം ചെയ്‌തു തുടങ്ങി. തമിഴ്‌നാട്‌ സ്വദേശിയായ രണ്ടാനച്ഛൻ അലക്‌സിനെ തിങ്കളാഴ്‌ച മുതൽ മൂന്ന്‌ ദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടുകൊണ്ട്‌ പോക്സോ പ്രിൻസിപ്പൽ കോടതി ഉത്തരവിട്ടിരുന്നു. തിങ്കളാഴ്‌ചത്തെ ചോദ്യം ചെയ്യലിൽ സംഭവദിവസത്തെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ജോലിക്ക്‌ പോകാതെ മദ്യപാനവും കഞ്ചാവുമായി വീട്ടിൽ തന്നെ കഴിയുന്ന പ്രതി സംഭവദിവസം രാവിലെ മുതൽ കുട്ടിയെ ഉപദ്രവിച്ചുവെന്നാണ്‌ പുറത്തുവരുന്ന വിവരം. 11 മണിയോടെ കുട്ടി മരിച്ചതായി കരുതുന്നു. സമീപത്തെ വീട്ടിൽ ജോലിക്ക് പോയ കുട്ടിയുടെ അമ്മയെ കുട്ടി അബോധാവസ്ഥയിലാണെന്നു പറഞ്ഞ്‌ വിളിച്ചുവരുത്തുകയായിരുന്നു. ഇവർ വീട്ടിലെത്തും മുൻപ്‌  പീഡനം നടന്നതായി സംശയം തോന്നാതിരിക്കാൻ ഇയാൾ കുട്ടിയെ കുളിപ്പിച്ചു. അമ്മ എത്തിയശേഷം എന്താണ്‌ സംഭവിച്ചതെന്നറിയാതെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാൾക്ക്‌ ലഹരിവിൽപനയും ഉള്ളതായാണ്‌ ലഭിക്കുന്ന വിവരം. മദ്യം വാങ്ങാൻ വീട്ടിൽ ആളുകൾ എത്താറുള്ളതായി പരിസരവാസികൾ പറയുന്നു. പ്രതിയെ വിശദമായ തെളിവെടുപ്പിനായി ചൊവ്വാഴ്‌ചയും സംഭവം നടന്ന വീട്ടിലെത്തിക്കും. തിങ്കളാഴ്‌ച പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് ഇവിടെ ആളുകൾ തടിച്ചുകൂടിയിരുന്നു. ഇതേ കേസിൽ കസ്റ്റഡിയിലായിരിക്കേ രക്ഷപെട്ടതിനെ തുടർന്ന് കനത്ത പൊലീസ് കാവലിലാണ് പ്രതിയെ പോക്‌സോ കോടതിയിലും തെളിവെടുപ്പിനും ഹാജരാക്കിയത്. ജഡ്ജി സാനു എസ് പണിക്കരാണ് പൊലീസ്‌ കസറ്‌റ്റഡിയിൽ വിട്ട്‌ ഉത്തരവിറക്കിയത്‌. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top