Deshabhimani

2000 പേർക്ക് തൊഴിൽ: കോന്നിയിൽ വ്യവസായ പാർക്ക് വരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 11:59 PM | 0 min read

കോന്നി > കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നു. കോന്നി പഞ്ചായത്തിൽ മെഡിക്കൽ കോളേജിന് സമീപം കൃഷി വകുപ്പിന്റെ അഞ്ചേക്കർ ഭൂമിയിൽ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ്‌ പാർക്ക്‌.   സംസ്ഥാനത്ത് വ്യവസായ വകുപ്പ് അനുവദിച്ച 23 സ്വകാര്യ വ്യവസായ  പാർക്കുകളിൽ ഒന്ന് ചിറ്റാർ പഞ്ചായത്തിലാണ്. സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ 10 ഏക്കർ ഭൂമിയിലാണ് ചിറ്റാറിൽ പാർക്ക് ആരംഭിക്കുന്നത്.
 
പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 2000 പേർക്ക് തൊഴിൽ ലഭിക്കും. എച്ച്എൽഎൽ നേതൃത്വത്തിൽ കോന്നിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിൽ ആദ്യഘട്ടത്തിൽ കുപ്പിവെള്ള നിർമാണ കമ്പനി, സർജിക്കൽ ഗ്ലൗസ്, ബ്ലഡ്‌ സ്റ്റോറേജ് ബാഗ്, സർജിക്കൽ മാസ്ക് നിർമാണ കമ്പനി എന്നിവ പ്രവർത്തനമാരംഭിക്കും. തുടർന്ന് ടൗൺ ഷിപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി വിശാലമായ മാൾ നിർമിക്കാനുള്ള നിർദേശം സമർപ്പിക്കും. ചിറ്റാറിൽ ആരംഭിക്കുന്ന സ്വകാര്യ വ്യവസായ പാർക്കിൽ സിമന്റ് കോൺക്രീറ്റ് മിക്സിങ് യൂണിറ്റ്, അഗ്രിഗേറ്റ് സിമന്റ് യൂണിറ്റ്, വിവിധ നിർമാണ സാമഗ്രികളുടെ നിർമാണ യൂണിറ്റുകൾ, പ്ലാസ്റ്റിക് ഉപകരണ നിർമാണ യൂണിറ്റ് തുടങ്ങിയവ ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കും. വ്യവസായ പാർക്കിനോടനുബന്ധിച്ച് മൾട്ടി സൂപ്പർ മാർക്കറ്റും ആരംഭിക്കും. 
 
ചിറ്റാറിലെ സ്വകാര്യ വ്യവസായ പാർക്കിൽ 10 ഏക്കർ ഭൂമി പദ്ധതിക്കായി  അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവിയിലേക്ക് പോകുന്ന സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേകം പദ്ധതികൾ തയ്യാറാക്കും. മണ്ഡലത്തിൽ പരമാവധി പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
 
 


deshabhimani section

Related News

0 comments
Sort by

Home