20 March Wednesday

പഠനത്തോടൊപ്പം വരുമാനം പദ്ധതി നടപ്പാക്കും: മന്ത്രി കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
പത്തനംതിട്ട
പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് വരുമാനവും നേടുന്നതിനുള്ള ലേൺ ആൻഡ് ഏൺ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീൽ പറഞ്ഞു. കല്ലൂപ്പാറയിൽ ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് എൻജിനിയറിംഗിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇല്ലാത്ത ഒരു കാര്യമാണ് പഠിക്കുന്നതോടൊപ്പം അധ്വാനിക്കുകയെന്ന ലേൺ ആൻഡ് ഏൺ പദ്ധതി. വിദേശരാജ്യങ്ങളിൽ എല്ലാം ഈ പദ്ധതിയുണ്ട്. എൻജിനിയറിംഗ് ഉൾപ്പെടെ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്വകാര്യമേഖലയുമായി സഹകരിച്ച് പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിന് അവസരമൊരുക്കും. സർവകലാശാലകളുടെ ഇക്വലൻസി (തുല്യത) സർട്ടിഫിക്കറ്റ് നിർത്തലാക്കും. ഒരു ചാൻസലറുടെ കീഴിലുള്ള സംസ്ഥാനത്തെ വ്യത്യസ്ത സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കാത്ത സ്ഥിതിയുണ്ട്. ഐഐടികളിൽ നിന്നും എൻഐടികളിൽ നിന്നും കോഴ്‌സ് കഴിഞ്ഞു വരുന്ന കുട്ടികളോടും നമ്മുടെ സർവകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വളർച്ചയ്ക്ക് ഇത്തരം പ്രവണതകൾ തടസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് തുല്യതാ സർട്ടിഫിക്കറ്റ് സംസ്ഥാനത്തു വേണ്ട എന്ന തീരുമാനം സർക്കാർ എടുത്തിട്ടുള്ളത്. 
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത്  മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാർഥികൾക്ക് പഠിക്കാൻ അവസരമൊരുക്കും. കേരളത്തിലെ കോളജുകളിൽ എംബിഎയ്ക്കും എൻജിനിയറിംഗിനും ഉൾപ്പെടെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും കുട്ടികൾ ഇവിടെ നിന്നും പോകുകയാണ്. ഇതരസംസ്ഥാനങ്ങളിൽ പഠിച്ചാൽ ഇംഗ്ലീഷ് സംസാരിക്കുന്നതിന് ഉൾപ്പെടെ പ്രാവീണ്യം ലഭിക്കുമെന്നാണ് ഇങ്ങനെ പോകുന്നവർ പറയുന്ന ന്യായം. ഇംഗ്ലീഷ് നന്നാകാൻ പുറത്തേക്കു പോകേണ്ടല്ലോ, അവിടെയുള്ള കുട്ടികളെ ഇവിടേക്കു കൊണ്ടുവരാം. ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാർഥികൾക്ക് ഒപ്പം നമ്മുടെ കുട്ടികൾക്ക്  പഠിക്കുന്നതിന് അവസരം ഒരുക്കും. ഇത്തരം സാഹചര്യം ഒരുക്കാൻ പറ്റിയ ഏറ്റവും നല്ല സംസ്ഥാനമാണ് കേരളം. മതസൗഹാർദം ഏറ്റവും നന്നായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മത വിശ്വാസങ്ങളിലും പെടുന്നവർ കേരളത്തിൽ സുരക്ഷിതരാണ്. മതനിരപേക്ഷതയുടെയും മതസൗഹാർദത്തിന്റെയും ഈറ്റില്ലമാണ് കേരളം. കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായി പഠിക്കാൻ കഴിയുന്ന സ്ഥലം കേരളമാണ്. മറ്റൊരു സ്ഥലവുമല്ല. ഈ സാഹചര്യം ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്ക്ക് പരമാവധി പ്രയോജനപ്പെടുത്തും. ഇതു വേണ്ടതുപോലെ നമ്മൾ മാർക്കറ്റ് ചെയ്തിട്ടില്ല. പൊതുവിദ്യാലയങ്ങളെയും പൊതു ഇടങ്ങളെയും പൊതുസ്ഥാപനങ്ങളെയും പ്രോത്സാഹിക്കും. 
ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ കുറേ വർഷങ്ങളായി പുരോഗതി പ്രാപിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവമായ മുന്നേറ്റം കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് രണ്ടരലക്ഷത്തോളം വിദ്യാർഥികളാണ് പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ എത്തിയത്. മറ്റ് ഏതൊരു സംസ്ഥാനത്തെ പരിശോധിച്ചാലും ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തിൽ കേരളം മികച്ച നിലയിലാണ് പ്രവർത്തിക്കുന്നതെന്നു കാണാം. എന്നാൽ, ഉന്നതവിദ്യാഭ്യാസ രംഗത്ത് സമാനമായ പുരോഗതി കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. നാക്കിന്റെ അക്രഡിറ്റേഷൻ എ പ്ലസ് ലഭിച്ച ഒരു സർവകലാശാലയും കേരളത്തിലില്ല. എൻഐആർഎഫിന്റെ ആദ്യത്തെ 25 റാങ്കിംഗിൽ വരുന്ന ഒരു സ്ഥാപനവും കേരളത്തിലില്ല. ഇതിനാൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫലപ്രദമായ ഇടപെടലുകൾ അനിവാര്യമാണെന്നതിന്റെ വെളിച്ചത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക പോർട്ട്‌ഫോളിയോ ആയി സംസ്ഥാന സർക്കാർ നിശ്ചയിച്ചത്. ഈ രംഗത്ത് നല്ല ഇടപെടലുകൾ സർക്കാർ നടത്താൻ പോകുകയാണ്. 
എൻജിനിയറിംഗ് വിദ്യാർഥികൾ സർട്ടിഫിക്കറ്റ് നേടുന്നതിനൊപ്പം ഏതെങ്കിലുമൊരു മേഖലയിൽ നൈപുണ്യം നേടണം. സർട്ടിഫിക്കറ്റ് കൊണ്ടുമാത്രം ഒരാളും ജോലി തരില്ല. പണിയെടുക്കാൻ അറിയുന്നതിനൊപ്പം സത്യസന്ധതയും ആത്മാർഥതയും പുലർത്തണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ കഴിയണം. ഇങ്ങനെയുള്ള ഒരാളെ ഒരു സ്ഥാപനവും പിരിച്ചു വിടില്ല. എത്ര ലക്ഷം രൂപ ശമ്പളം വേണമെന്നു പറഞ്ഞാലും അവർ തരും. സ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ബോധ്യപ്പെടുത്താൻ ഉദ്യോഗാർഥികൾക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു. 
വിദ്യാഭ്യാസം കേവലമായ അറിവു പകരൽ മാത്രമല്ല, മൂല്യബോധമുള്ളവരായി സമൂഹം എന്തെന്ന് മനസിലാക്കി വളരുന്നിടത്ത് കുട്ടികളെ പരിശീലിപ്പിക്കുന്നതാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. അപ്രിയമായ ചില സത്യങ്ങൾ ചില സമയങ്ങളിൽ ഭരണാധികാരികൾക്ക് പറയേണ്ടി വരും. അപ്രിയമായ സത്യങ്ങൾ പറയുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഭയപ്പെട്ടു നിൽക്കുന്നവർ ഭരണാധികാരികൾ അല്ല. പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിപത്തിനെ അതിജീവിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നു പറഞ്ഞപ്പോൾ വിദ്യാഭ്യാസ മേഖലയിൽ നിന്നുണ്ടായ ചില വിപരീതമായ അഭിപ്രായ പ്രകടനങ്ങളെ മുൻപിൻ നോക്കാതെ അതിനോടു പ്രതികരിക്കാൻ മന്ത്രി കെ.റ്റി. ജലീൽ കാണിച്ച ആർജവത്തെ അഭിനന്ദിക്കുന്നു. ഈ നാടിനുണ്ടായ വിപത്ത് എന്ത് എന്നത് ആദ്യം ഉൾക്കൊള്ളേണ്ടത് വിദ്യാഭ്യാസ മേഖലയാണ് എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഐഎച്ച്ആർഡിയുടെ മല്ലപ്പള്ളിയിലെ കോളജിനും സ്‌കൂളിനും സ്വന്തം കെട്ടിടം ഉൾപ്പെടെ നിലനിർത്തി കിട്ടാൻ ആവശ്യമായ ഇടപെടൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ഐഎച്ച്ആർഡിയുടെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. 
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണദേവി, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. പി സുരേഷ് കുമാർ,  മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്തംഗം റജി തോമസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം മനുഭായി മോഹൻ, ഗ്രാമപഞ്ചായത്തംഗം മോളിക്കുട്ടി ഷാജി, ചെങ്ങന്നൂർ എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.വി ജേക്കബ് തോമസ്, പിടിഎ പ്രസിഡന്റ് സാബു തോമസ്, ജല അതോറിറ്റി ബോർഡ് അംഗം അലക്‌സ് കണ്ണമല, കോളജ് സ്ഥാപക കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ നായർ, കോളജ് സെനറ്റ് ചെയർമാൻ യദു കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനു വർഗീസ്, പ്രസാദ് ജോർജ്, ബാബു പാലയ്ക്കൽ, കെ ഇ അബ്ദുൾ റഹ്മാൻ, ജെയിംസ് വർഗീസ്, എം ഡി ദിനേശ് കുമാർ, രാജൻ വരിക്കപ്ലാംമൂട്ടിൽ, ജോസ് കുറഞ്ഞൂർ, വാളകം ജോൺ, കോളജ് പ്രിൻസിപ്പൽ ഡോ.ജെ ദീപ തുടങ്ങിയവർ  സംസാരിച്ചു. നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 4,07,88,260 രൂപ ചെലവഴിച്ചാണ് 10,646 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്നു വീതം നിലകളിലായി ആകെ 31,940 ചതുരശ്ര അടി വരുന്ന പുതിയ അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണം.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top