16 September Monday

മുന്നേ പറന്ന് ജില്ലാ കാൻസർ സെന്റർ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

 കോഴഞ്ചേരി

സമ്പൂർണ സാന്ത്വന പരിചരണ ജില്ലയായി പത്തനംതിട്ടയെ പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ  ഏറെ അഭിമാനവും ആഹ്ലാദവുമായി കോഴഞ്ചേരിയിലെ ജില്ലാ കാൻസർ സെന്റർ. 2002 ൽ വീടായ വീടാകെ കയറി കാൻസർ കെയർ സെന്റർ തുടങ്ങി വെച്ച ആർദ്രതയുടെ രോഗീപരിചരണം പിന്നീട് രാജ്യം കോഴഞ്ചേരി മോഡലായി അംഗീകരിക്കുകയും വ്യാപകമായി നടപ്പിലാക്കുകയുമായിരുന്നു. ഡയറക്ടർ ഡോ.കെ ജി ശശിധരൻ പിള്ളയുടെ നിച്ഛയദാർഢ്യവും സഹപ്രവർത്തകരുടെ കർമ്മോൽസുകതയും ജില്ലാ ഭരണത്തിന്റെ പിൻതുണയുമാണ് ഇപ്പോഴും സാന്ത്വന പരിചരണത്തിൽ ചരിത്ര വിജയം തുടരാൻ ഇവർക്ക്‌ കഴിയുന്നത്.
1999 ഒക്ടോബർ 25നാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ച്  കാൻസർ കെയർ സൊസൈറ്റി ആരംഭിച്ചത്. എൽഡിഎഫ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രി ശിവദാസമേനോനായിരുന്നു ഉദ്‌ഘാടകൻ. അന്ന് ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ.കെ ജി ശശിധരൻ പിളള സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ് കാൻസർ ചികിത്സാ രംഗത്ത് പുതിയ ചുവടുവെച്ചത്.  കലക്ടർ ചെയർമാനും ജില്ലാ ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയും കലക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ ട്രഷറാറുമായുള്ള കമ്മിറ്റിയിൽ ആറൻമുള എംഎൽഎ, എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 13 അംഗങ്ങളാണുള്ളത്.
കാൻസർ രോഗികളുടെ  പരിചരണം ലക്ഷ്യം വെച്ചാണ് 2002 ൽ കാൻസർ കെയർ സെന്റർ പാലിയേറ്റിവ്‌ മൊബൈൽ യൂണിറ്റ് ആരംഭിച്ചത്. ഡോക്ടറും നേഴ്സും അടങ്ങുന്ന സംഘം മരുന്നുകളുമായി വീടുകളിലെത്തിയതോടെ രോഗികൾക്കു മാത്രമല്ല ഇവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ഇതൊരാശ്വാസമായി.
ഇന്നും  ഇവരുടെ സേവനം തുടരുകയാണ്. ഇതിനകം 3797 രോഗികൾക്ക്‌ ഇവർ സ്നേഹസ്പർശമായി. അഞ്ചു വർഷം നിർധനരായ രോഗികളിൽ 50 പേർക്ക് 500 രൂപ വീതം എല്ലാ മാസവും പെൻഷൻ നൽകി. ഇവരുടെ സേവനം തിരിച്ചറിഞ്ഞാണ് എസ്ബിടി മൊബൈൽ ടീമിന്റെ യാത്രക്കും കാൻസർ സെന്ററിൽ ഏറ്റവും പുതിയ മാമോഗ്രാം മിഷ്യൻ സ്ഥാപിക്കാനും ലബോറട്ടിക്കും വേണ്ടി രണ്ടു കോടി രൂപ നൽകിയത്. 
കോഴഞ്ചേരിയിൽ  പാലിയേറ്റിവ്‌ പരിചരണം ആരംഭിച്ച സമയത്തുതന്നെയാണ്‌   കോഴിക്കോട്ടും ഇത്തരം സേവനം നടന്നത്‌. തുടർന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും, ആർസിസിയും  കേന്ദ്ര, -സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ കോഴഞ്ചേരി മോഡൽ ചൂണ്ടിക്കാട്ടി സെമിനാറുകൾ സംഘടിപ്പിച്ചിച്ചത്‌. 
ഡോക്ടറുടെ നേതൃത്വത്തിൽ ഇവിടെ ഭവന സന്ദർശനം നടത്തുന്നുണ്ട്‌. ഡോക്ടർക്കൊപ്പം ഏലമ്മ തോമസ്, വി എൻ ജാസ്മിൻ എന്നിവരാണ് ആശ്വാസ ഹസ്തവുമായി എത്തുന്നത്.
 
 
പ്രധാന വാർത്തകൾ
 Top