22 September Sunday

നെല്ലിക്കമണ്‍ കൊലപാതകം: അയൽവാസി അറസ്റ്റിൽ -

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

 റാന്നി

നെല്ലിക്കമൺ കണമൂട്ടിൽ ജോയി(കെ വി മാത്യു -49)യെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി പാറയ്ക്കൽ തെക്കേക്കാലായിൽ ഷിബിൻ(33) അറസ്റ്റിലായി. തന്റെ അച്ഛനെ പതിവായി ഉപദ്രവിക്കുന്നതിലുള്ള വിരോധംകൊണ്ടാണ്‌ ഷിബിൻ ജോയിയെ വാക്കത്തികൊണ്ട് വെട്ടിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ തിരുവല്ല ഡിവൈഎസ്‌‌പി ജെ ഉമേ‌ഷ്‌‌കുമാർ, റാന്നി ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് എന്നിവർ പറഞ്ഞു.  ഒളിവിലായിരുന്ന ഷിബിനെ ബസ് യാത്രയ്‌ക്കിടെ വാഴക്കുന്നത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
ആഗസ്ത്‌ മൂന്നി-ന് രാത്രി പത്തേകാലോടെയാണ് വീടിന് സമീപം റോഡരികിൽ രക്തം വാർന്ന നിലയിൽ ജോയിയെ കണ്ടെത്തിയത്. റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിന്‌ ഒരു മണിക്കൂർ മുമ്പ് ജോയിയും ഷിബിന്റെ അച്ഛൻ തോമസുമായി നെല്ലിക്കമണ്ണിൽവച്ച് വഴക്കുണ്ടായി. നാട്ടുകാർ ഇവരെ പിടിച്ചുമാറ്റി പറഞ്ഞയച്ചു. സ്വകാര്യ ബസിലെ കണ്ടക്ടറായ ഷിബിൻ ജോലി കഴിഞ്ഞ് റാന്നിയിലെത്തിയപ്പോഴാണ് വഴക്ക് നടക്കുന്ന വിവരം അറിഞ്ഞത്. അവിടെനിന്ന്‌ ഷിബിൻ നെല്ലിക്കമണ്ണിലെ വാടകവീട്ടിലെത്തി വെട്ടുകത്തിയുമായി സംഭവസ്ഥലത്തേക്ക് പോയി. നെല്ലിക്കമണ്ണിൽ നിന്നും വീട്ടിലേക്ക് നടന്നു പോയ ജോയിയെ കഴുത്തിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
കൊലപാതകത്തിന്റെ രണ്ടാം ദിവസം പ്രതി ഷിബിനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. മൊബൈൽ ഫോൺ പോലും ഇല്ലാതെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന ഷിബിനെ, രഹസ്യമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പിടിക്കാൻ  കഴിഞ്ഞത്. 
ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇൻസ്‌പെക്ടർമാരായ ആർ മനോജ്(പെരുനാട്), സന്തോഷ്‌‌കുമാർ(ആറന്മുള), എസ്ഐമാരായ ഇബ്രാഹിംകുട്ടി, അനീ‌ഷ്‌‌കുമാർ, അനൂപ് രാഘവൻ,  ജോജി, ബിജു മാത്യു, പി ബിജു, ഷാഡോ ടീമംഗങ്ങളായ എൽ ടി ലിജു, രഞ്ജു, രാധാകൃഷ്ണൻ, വിൽസൺ, അജി, വിനോദ് എന്നിവരും പങ്കാളിയായി.
 
 
പ്രധാന വാർത്തകൾ
 Top