11 August Tuesday
ഇന്നലെ 54 പേർക്ക്‌കൂടി രോഗം

30 പേർക്ക്‌ സമ്പർക്കം വഴി; ജില്ല ഭീതിയുടെ നിഴലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

 

 
പത്തനംതിട്ട 
ജില്ലയിൽ ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ച 54 ൽ 30 പേർക്കും സമ്പർക്കം വഴിയാണ്‌ രോഗവ്യാപനം ഉണ്ടായതെന്ന അറിവ്‌ ജില്ലയെ ഭീതിയുടെ നിഴലിലാക്കിയിരിക്കുന്നു‌. അതിൽ 24 പേർ‌  പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ളവരാണെന്നത്‌ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്‌. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെയാണ്‌ ഇവർക്ക്‌  രോഗം സ്ഥിരീകരിച്ചത്‌.  ഇവര്‍ മുമ്പ് ഈ മേഖലയിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്. രോഗബാധിതരായ ഇവർക്ക്‌ ആരൊക്കെയായി  സമ്പർക്കം ഉണ്ടായിരുന്നുവെന്ന്‌ കണ്ടെത്തേണ്ടതുണ്ട്‌. 
പത്തനംതിട്ട നഗരസഭയിലെ എല്ലാ വാർഡുകളും  തിരുവല്ലയിലെ മാർക്കറ്റും റാന്നി, കുളനട പഞ്ചായത്തുകളിലെ ചില വാർഡുകളും നേരത്തെ തന്നെ കണ്ടെയ്‌മെന്റ്‌ സോണിലായിരുന്നു. കല്ലൂപ്പാറ പഞ്ചായത്തിലെ 12.13 വാർഡുകൾ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്‌.
രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന  വർധനയും സമ്പർക്ക വർധനയും ഉണ്ടായ ദിവസമാണ്‌ ഇന്നലെ. ഇതുവരെ 494 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‌.  ശനിയാഴ്‌ച  25 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 293 ആണ്. നിലവിൽ  ജില്ലക്കാരായ 200 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 186 പേർ ജില്ലയിലും, 14 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 114 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 17 പേരും, അടൂർ ജനറൽ ആശുപത്രിയിൽ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 53 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 24 പേരും സ്വകാര്യ ആശുപത്രികളിൽ ഏഴു പേരും ഐസൊലേഷനിലുണ്ട്. 
ശനിയാഴ്‌ച പുതുതായി 65 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ തിരിച്ചെത്തിയ 2606 പേരും വിദേശത്തുനിന്ന്‌ തിരിച്ചെത്തിയ 1959 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന്‌ ഇന്നലെ തിരിച്ചെത്തിയ 109 പേരും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 171 പേരും ഇതിൽ ഉൾപ്പെടുന്നു.
ആകെ 5790 പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 1435 പേർ താമസിക്കുന്നുണ്ട്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top