06 August Friday

മീൻകുഴിയിലും 
പുലിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021
ചിറ്റാർ
മീൻകുഴിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി.തെക്കേക്കര തടത്തിൽ ടി എം തോമസിന്റെ വീട്ടിലെ രണ്ട് വളർത്തുനായ്ക്കളിൽ ഒരെണ്ണത്തിനെയാണ് കൊന്നത്. വെളളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. വീട്ടുമുറ്റത്ത് കൂടിനുള്ളിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെയാണ് കൂടിനുള്ളിൽ നിന്നും പുറത്തെക്ക് വലിച്ചിറക്കി കൊന്നത്. ഇതിനു ശേഷം സമീപത്തെ ചരിവുപറമ്പിൽ ശശിയുടെ വീട്ടുമുറ്റത്തു നിന്ന പട്ടിയെയും ആക്രമിക്കാൻ ഓടിച്ചു. തോമസിന്റെ വീട്ടുമുറ്റത്ത് പട്ടി കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ ജനൽ വഴി നോക്കുമ്പോഴാണ് പട്ടിയെ പുലി കൊന്നതായി കാണുന്നത്. വീട്ടുമുറ്റത്തു കൂടി പുലിപോകുന്നതായി ചരിവുപറമ്പിൽ ശശി കണ്ടു. മീൻകുഴി വടക്കേകര ഭാഗത്ത് വനത്തിനോട്‌ ചേർന്നാണ് ഇവർ താമസിക്കുന്നത്.ഈ മേഖലയിൽ അമ്പതോളം കുടുംബങ്ങൾ ഉണ്ട്.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ  നിന്നും ഡപ്യൂട്ടി റെയ്ഞ്ചർ കെ സുനിലിന്റെ  നേതൃത്വത്തിൽ വനപാലകർ  നടത്തിയ പരിശോധനയിൽ വീട്ടുമുറ്റത്ത് പുലിയുടെ കാൽപ്പാടുകൾ സ്ഥിരീകരിച്ചു.      ഈ വനമേഖലയോടു ചേർന്നുള്ള വനമാണ് കുളങ്ങരവാലി, കുന്നം എന്നിവ.കഴിഞ്ഞ വെള്ളിയാഴ്ച കുളങ്ങരവാലി തെക്കേചരുവിൽ രഞ്ജിത്തി ന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശിവദാസന്റെ വീട്ടുമുറ്റത്ത്‌ രണ്ട്‌ ദിവസം പുലി ഇറങ്ങിയിരുന്നു. വീട്ടുമുറ്റത്ത്‌ കിടന്ന വളർത്തുനായയെ പുലി ആക്രമിച്ചിരുന്നു.പുലർച്ചെയാണ് സംഭവം നടന്നത്.ശിവദാസന്റെ വളർത്തുനായയെ പുലി ആക്രമിച്ചിരുന്നു. അന്ന്  അത്ഭുതകരമായാണ് പുലിയുടെ മുന്നിൽ നിന്നും ശിവദാസൻ രക്ഷപ്പെട്ടത്. ഒരിടവേളക്ക്‌ ശേഷം വീണ്ടും പുലിയുടെ സാന്നിധ്യം പ്രദേശവാസികളെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. മേഖലയിൽ  അടിയന്തരമായി  പുലിക്കൂട്‌ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top