24 April Wednesday

കോടതിയിൽനിന്ന‌് ബലമായി പിടിച്ചിറക്കി കൊണ്ടുപോയി; പുലിവാൽ പിടിച്ച‌് എസ‌്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019

 അടൂർ

കോടതിയിൽ ഹാജരായ പ്രതിയെ എസ്ഐ കോടതി ഹാളിൽ നിന്ന‌് ബലമായി പിടിച്ചിറക്കി ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. ബാർ അസോസിയേഷൻ നേതൃത്വത്തിൽ അഭിഭാഷകർ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് മൂന്ന് മണിക്കൂറിന് ശേഷം പിടിച്ചു കൊണ്ടുപോയ പ്രതിയെ പൊലീസ് കോടതിയിൽ എത്തിച്ചു. 
പ്രതി നൽകി മൊഴിയുടെയും അഭിഭാഷകൻ നൽകിയ സത്യവാങ‌്മൂലത്തിന്റെയും അടിസ്ഥാനത്തിൽ എസ് ഐക്കെതിരെ കോടതി കേസെടുത്തു. തിങ്കളാഴ്ച രാവിലെ 11.30 ഓടെ സിപിഐ എം, - ആർഎസ്എസ് സംഘർഷത്തിൽ പ്രതിയായ സിപിഐ എം പ്രവർത്തകൻ ഇളമണ്ണൂർ പൂതംകര അയണിയാട്ട് വീട്ടിൽ ജയകൃഷ്ണൻ (28)നെയാണ് അടൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഹാളിൽനിന്ന‌് ഏനാത്ത് എസ്ഐ സന്തോഷ് ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയത്. 
ഹർത്താലിനോടനുബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകുന്നതിനും രാഷ്ടീയ സംഘട്ടനത്തിൽ എടുത്ത കേസിൽ കോടതിയിൽനിന്ന‌് ജാമ്യം എടുക്കുന്നതിനുമാണ് അഭിഭാഷകൻ അഡ്വ. സി പ്രകാശിനൊപ്പം ജയകൃഷ്ണൻ കോടതി ഹാളിൽ എത്തിയത്. കേസ് മജിസ്ട്രേറ്റ് വിളിച്ച ശേഷം വീണ്ടും വിളിക്കാൻ മാറ്റി വെച്ചപ്പോഴാണ് എസ്ഐ കോടതി ഹാളിൽ കയറി ജയകൃഷ്ണനെ ബലമായി പിടിച്ചു പുറത്തിറക്കി കൊണ്ടുപോയത്. 
ഇതേ തുടർന്ന് കോടതി നടപടി തടസ്സപ്പെടുകയും ചെയ്തു. തുടർന്ന് ബാർ അസോസിയേഷൻ നേതൃത്വത്തിൽ യോഗം ചേർന്ന് പിടിച്ചു കൊണ്ടുപോയ പ്രതിയെ തിരികെ കൊണ്ടുവരാതെ കോടതി നടപടികളിൽ പങ്കെടുക്കില്ലെന്ന്  മജിസ്ട്രേറ്റിനോട് അറിയിച്ചതിനെ തുടർന്ന് പ്രതിയെ തിരികെ കൊണ്ടുവരാൻ അസി. പബ്ലിക് പ്രോസിക്യൂട്ടർക്ക്  മജിസ്ട്രേറ്റ് നിർദേശം നൽകി. തുടർന്നാണ് പിടിച്ചു കൊണ്ടുപോയ പ്രതിയെ കോടതിയിൽ പൊലീസ് എത്തിച്ചത്. ജയകൃഷ്ണൻ കോടതിയിൽ ഹാജരായി ജാമ്യം എടുക്കാനെത്തിയ വിവരം ബിജെപിക്കാർ അറിയിച്ചതിനെ തുടർന്നാണ് എസ്ഐ സന്തോഷ് കോടതിയിൽ എത്തി ജയകൃഷ്ണനെ പിടിച്ചു കൊണ്ട് പോയതെന്ന് പറയപ്പെടുന്നു. സംഭവത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ് മനോജ്, സെക്രട്ടറി അഡ്വ. ജോസ് കളീക്കൽ എന്നിവർ പ്രതിഷേധിക്കുകയും എസ്ഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെടുകയും ചെയ‌്തിട്ടുണ്ട‌്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top