കഴിഞ്ഞ കാലങ്ങളിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ തുകയാണ് ഇത്തവണ പത്തനംതിട്ട ജില്ലയ്ക്കായി ബജറ്റിൽ മാറ്റിവച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഇത് ആശ്വാസകരമായ ഒന്നാണ്.
തിരുവിതാകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ നൽകിയത് ഉൾപ്പെടെ ശബരിമലയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 739 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പമ്പ നദിയുടെ തീരങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ ഭൂരിപക്ഷം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ പൂർത്തീകരിച്ചു കഴിഞ്ഞു.
വിശ്വാസ സംരക്ഷണമാണ് സർക്കാർ എല്ലാ കാലവും സ്വീകരിച്ചിട്ടുള്ളത്. ശബരിമലയിലും വിശ്വാസ സംരക്ഷണത്തിനായാണ് സർക്കാർ നിലയുറപ്പിച്ചത്. ശബരിമലയിൽ കാണിക്കയിൽ പണമിടരുതെന്ന ആഹ്വാനത്തിൽ കുറച്ച് വിശ്വാസികളെങ്കിലും വീണു പോയിട്ടുണ്ടാകാം. കാണിക്ക വരുമാനത്തിൽ ബോർഡിനുണ്ടായ കുറവ് 100 കോടി അനുവദിക്കുക വഴി സർക്കാർ പരിഹരിക്കുകയാണുണ്ടായത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം എൽഡിഎഫിന് തിരിച്ചടിയാകുമെന്ന തരത്തിൽ പ്തൊരണം നടക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ പന്തളം കൊട്ടാരം ഇരിക്കുന്ന വാർഡിൽ എട്ട് വോട്ട് കിട്ടിയ ബിജെപിയാണ് ഇത്തരത്തിൽ പ്തൊരണം നടത്തുന്നത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.