19 June Wednesday

ഡിവൈഎഫ്ഐ ഇന്ന് നഗരസഭ ഓഫീസ് വളയും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

 പത്തനംതിട്ട 

ജില്ലാ ആസ്ഥാനത്ത് നിർമിക്കുന്നതിനായി 50 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ അനുവദിച്ച രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം അട്ടിമറിച്ച യുഡിഎഫ് നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പത്തനംതിട്ട ചൊവ്വാഴ്ച നഗരസഭ ഓഫീസ് വളയും. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഉപരോധം. രാവിലെ 10ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് സമരം ഉദ്ഘാടനം ചെയ്യും. പ്രമുഖരായ കായികതാരങ്ങളും കായികരംഗത്തെ സ്നേഹിക്കുന്നവരുമായ നിരവധിപേർ സമരത്തിൽ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
  ജില്ലയിൽ കായികരംഗത്ത് വലിയ മാറ്റവും പുരോഗതിയും ഉണ്ടാകുമായിരുന്ന സാഹചര്യമാണ് നഗരസഭ ഭരണ നേതൃത്വവും യുഡിഎഫും അവരുടെ രാഷ്ട്രീയ വിവേചനം മൂലം നഷ്ടപ്പെടുത്തിയിരിക്കുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യവും മതിയായ പരിശീലനവും ഇല്ലാത്തതിനാലാണ് ജില്ലയിൽ നിന്ന് അത്രകണ്ട് കായികതാരങ്ങൾക്ക് പിറവിയില്ലാത്തത്. 
ഇതിനെല്ലാം ശാശ്വതമായ പരിഹാരം എന്ന നിലയിലാണ് ദേശീയ തലത്തിലുള്ള അത്‌ലറ്റ് മീറ്റ് സംഘടിപ്പിക്കാവുന്ന സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ കോർട്ട്, ഹോക്കി കോർട്ട്, വോളിബോളിനും ബാസ്ക്കറ്റ് ബോളിനും ബാഡ്മിന്റണിനും ഉപയോഗിക്കാവുന്ന ഇൻഡോർ സ്റ്റേഡിയം എന്നിവയുൾപ്പെടുന്ന മൾട്ടിപർപ്പസ് സംവിധാനമുള്ള സ്റ്റേഡിയം വിഭാവനം ചെയ്തത്. ഇതാണ് രാഷ്ട്രീയ താൽപ്പര്യത്തിന്റെ പേരിൽ യുഡിഎഫും നഗരസഭയും തള്ളിക്കളഞ്ഞത്. നഗരസഭ മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിച്ചു കൊണ്ട് സംസ്ഥാനസർക്കാർ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പുനക്രമീകരിച്ചു. പിന്നീടും ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നഗരസഭ ഈ വികസന പദ്ധതിയോട് മുഖംതിരിഞ്ഞു നിൽക്കുകയാണ്.
ജില്ലയുടെ കായിക സ്വപ്നത്തിന് പുത്തൻ ഉണർവ് നൽകുന്ന ഈ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം അട്ടിമറിക്കുക വഴി നഗരസഭ ഭരണ നേതൃത്വവും യുഡിഎഫും കായികതാരങ്ങളുടെ പ്രതീക്ഷയുടെ നാമ്പൊടിച്ചിരിക്കുകയാണ്. യുഡിഎഫിന്റെ ഈ രാഷ്ട്രീയ വിവേചനം തുറന്നുകാണിക്കുന്നതിനും രാജ്യാന്തര സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിനായി നഗരസഭ ധാരണ പത്രത്തിൽ ഒപ്പിടണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ ഉപരോധസമരം സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, സംഘാടക സമിതി ജനറൽ കൺവീനർ ആർ ഹരീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.   
പ്രധാന വാർത്തകൾ
 Top