Deshabhimani

മികവോടെ 
മാതൃകയാകൂ: ഐസക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:58 AM | 0 min read

 പ്രമാടം

ലഹരിമുക്ത ക്യാമ്പസിനും മാലിന്യമുക്ത നവ കേരളത്തിനും പ്രത്യേക ഊന്നല്‍ നൽകി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ദേശാഭിമാനിയുടെ അക്ഷരമുറ്റം ക്ലബ്ബിന് ജില്ലയിലും തുടക്കമായി.  പ്രമാടം നേതാജി ഹയര്‍സെക്കൻഡറി സ്കൂളിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അക്ഷരമുറ്റം ക്ലബ്ബിന്റെ ജില്ലാ ഉദ്ഘാടനം നിർവഹിച്ചു. 
അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ഭാ​ഗമായി സബ്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലാണ്  ആദ്യഘട്ടത്തില്‍ ക്ലബുകള്‍ രൂപീകരിക്കുന്നത്. പാഠ്യാനുബന്ധ പരിപാടികളിലൂടെ വിദ്യാർഥികൾ തങ്ങളുടെ അഭിരുചിയും കഴിവുകളും വളർത്തി സമൂഹത്തിന് മാതൃകയാകുന്ന തരത്തിൽ ഉയരണമെന്ന് ഡോ. തോമസ് ഐസക്ക്  പറഞ്ഞു.  ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങൾക്ക് സഹായമാകുന്ന സംവിധാനങ്ങൾ ഇന്ന് എല്ലാ  വിദ്യാലയങ്ങളിലും  ലഭ്യമാണ്. ഓരോ വിദ്യാർഥിയും തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഇത്തരം പരിപാടികളിൽ പങ്കാളികളായി സാമൂഹ്യ അവബോധം വളർത്തി മാതൃകയാകണം. അക്ഷരമുറ്റം ക്ലബ്ബിലൂടെ വിദ്യാർഥികളില്‍  സാമൂഹ്യ ഇടപെടലിനും ശാസ്ത്രീയ ചിന്ത വളർത്തിയെടുക്കാനും  സഹായമാകുന്ന  പരിപാടികൾ ആവിഷ്കരിക്കുന്നുണ്ട്. ഇത് അഭിനന്ദനീയമാണ് ഡോ.  തോമസ് ഐസക്ക് പറഞ്ഞു.  
സബ്ജില്ലാ ക്വിസ് മത്സരത്തില്‍ കോന്നി സബ്ജില്ല  എച്ച്എസ്എസ് വിഭാ​ഗത്തില്‍ സ്കൂളിലെ‍ വിദ്യാര്‍ഥി സച്ചു സതീഷാണ്  ഒന്നാം സ്ഥാനം നേടിയത്. സ്കൂളിന്  ദേശാഭിമാനിയുടെ പ്രത്യേക ഉപഹാരവും ഡോ. തോമസ് ഐസക്ക് സമ്മാനിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോ​ഗത്തില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്‌ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ് ക്ലബിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.  സ്കൂള്‍ മാനേജര്‍ ബി രവീന്ദ്രന്‍പിള്ള, പഞ്ചായത്തം​ഗം കെ എം മോഹനന്‍ നായര്‍, പിടിഎ പ്രസിഡന്റ് ഫാ. ജിജി തോമസ്, പ്രിന്‍സിപ്പല്‍ പി കെ അശ്വതി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക സി ശ്രീലത സ്വാ​ഗതവും അക്ഷരമുറ്റം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആർ രമേശ് നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home