17 September Tuesday

നിങ്ങടെ സുരക്ഷ, അതല്ലേ ഞങ്ങടെ ഓണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

 പത്തനംതിട്ട 

ക്രമസമാധാനം, ആശുപത്രി, ഗതാഗതം –- ഒരു ആഘോഷത്തിലും നിർത്തിവക്കാനാവാത്ത സേവനങ്ങളാണ്‌.  ദിവസമേതെന്ന്‌ നോക്കാതെ ജനങ്ങളെ സേവിക്കുന്നവർ. നാടിന്റെ ഓരോ കോണിലും നമുക്കിവരെ കാണാം. 
ഓണാഘോഷമുണ്ടോ... ഉണ്ട്‌ പക്ഷേ കുടുംബത്തോടൊപ്പം ആഘോഷങ്ങൾക്ക്‌ പങ്കെടുക്കാനൊന്നും മിക്കപ്പോഴും കഴിയില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്‌ വനിതാ ഹെൽപ്പ്‌ലൈനിലെ സിപിഒ റസീന പറയുന്നു. ആഘോഷങ്ങൾക്ക്‌ കൂടാനാവുന്നില്ലെങ്കിലും ഈ ജോലി ചെയ്യുന്നതിൽ ഏറെ സംതൃപ്‌തിയുണ്ട്‌. രാത്രിയെന്നോ പകലെന്നോ നോക്കാതെ തങ്ങളുടെ സേവനം ആവശ്യപ്പെട്ട്‌ സ്‌ത്രീകൾ വിളിക്കും. അപ്പോൾ അവർക്ക്‌ സഹായവുമായി ഓടിയെത്താനാവും. മിക്കപ്പോഴും ഹെൽപ്പ്‌ലൈനിൽ രണ്ടുപേരെങ്കിലും ഡ്യൂട്ടിയിലുണ്ടാകും. മൊത്തം അഞ്ച്‌ വനിതാ പൊലീസുകാരാണ്‌ ഹെൽപ്പ്‌ലൈനിൽ സേവന സന്നദ്ധരായുള്ളത്‌.  
കഴിഞ്ഞ വർഷത്തെ ഓണം ബസിൽതന്നെയായിരുന്നു. ഇത്തവണ അവധിയുണ്ട്‌. അപ്പോൾ മറ്റുപലരും ഡ്യൂട്ടിക്കെത്തും–-പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടർ ജയിംസ്‌ മാത്യു പറഞ്ഞു. എല്ലാ ഓണത്തിനും അങ്ങനെയൊക്കെയാണ്‌. തിരുവോണത്തിന്‌ കുറച്ചുപേർ ഉച്ചവരെ അവധിയെടുക്കും. അവർ ഡ്യൂട്ടിക്ക്‌ കയറുമ്പോൾ ഉച്ചക്കുശേഷം മറ്റുള്ളവർ അവധിയെടുക്കും. 
ഫയർഫോഴ്സ് ഓഫീസർമാരിൽ ഓണം ആഘോഷിക്കുന്നവർ വളരെ കുറവായിരിക്കും. വളരെ വർഷങ്ങളായി ഓണം ഇങ്ങനെയൊക്കെയാണ്. കുടുംബമായി എല്ലാവരെയും പോലെ ആഘോഷിക്കണം എന്ന് തോന്നാറുണ്ട്. പക്ഷെ ഏത് സമയവും എന്ത് അപകടം നടന്നാലും ആദ്യം എത്തേണ്ടത് ഞങ്ങളാണ്. ആഘോഷങ്ങളെക്കാൾ പ്രാധാന്യം അതിന് തന്നെയാണ്. ഇത്തവണ ഓണത്തിന് ഓഫീസ് പരിസരം വൃത്തിയാക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം  ഓണം പ്രളയത്തിലായി. അത്യാവശ്യക്കാർക്ക് ലീവ് നൽകാറുണ്ട്. പരസ്പരം ജോലി സമയം ക്രമീകരിച്ചാണ് ഓണത്തിന് അവധിയെടുക്കുക. ജില്ലാ ഫയർഫോഴ്സ് ഓഫീസർ വി വിനോദ്‌കുമാർ പറയുന്നു. 
കുറേ വർഷങ്ങളായി ഓണം ആഘോഷിക്കാൻ കഴിയാറില്ല.  ഭാര്യയും ഡോക്ടറായതുകൊണ്ട് മനസിലാക്കും. ഓണത്തിന് അത്യാവശ്യമുള്ളവർക്ക് ലീവ് കിട്ടും. പക്ഷെ ആശുപത്രിയിലെപ്പോഴും ഡോക്ടറിന്റെ ആവശ്യമുണ്ടല്ലോ. അവധി ദിവസങ്ങളിൽ പൊതുവേ സ്‌റ്റാഫുകളും കുറവായിരിക്കും. ജോലിയെക്കാളുപരി ഉത്തരവാദിത്വം ആണത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോ. ജിക്കു മൈക്കിൾ പറയുന്നു. 
എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണമാവാൻ സ്വന്തം ആഘോഷങ്ങളിൽനിന്ന്‌ മാറിനിന്ന്‌ മാതൃകയാവുകയാണിവർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top