21 February Thursday

പ്രളയം തകർത്ത പദ്ധതികൾ മന്ത്രി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

 പത്തനംതിട്ട

പ്രളയം തകർത്തെറിഞ്ഞ ജില്ലയിലെ വൈദ്യുത പദ്ധതികൾ  മന്ത്രി എം എം മണി സന്ദർശിച്ചു. വൈദ്യുത പദ്ധതികളിലുണ്ടായിട്ടുള്ള തകരാറുകൾ പരിശോധിക്കുന്നതിനും അവയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ എങ്ങനെ നടക്കുന്നു എന്ന് കാണാനുമാണ് മന്ത്രിയും രാജൂ ഏബ്രഹാം എംഎൽഎയും വകുപ്പുതല ഉദ്യോഗസ്ഥരും എത്തിയത്. ജില്ലയിലെ വിവിധ വൈദ്യുതി നിലയങ്ങളിൽ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
 
അടുത്ത കാലത്ത് മുഖ്യമന്ത്രി പിണായി വിജയൻ ഉദ്ഘാടനം ചെയ്ത പെരുന്തേനരുവിയിലായിരുന്നു ആദ്യ സന്ദർശനം. രാവിലെ 10ന് ഡാം സൈറ്റിലെത്തിയ മന്ത്രി പ്രളയത്തിന്റെ തീവ്രത കണ്ടു മനസിലാക്കി. തുടർന്ന് പവർ ഹൗസും സന്ദർശിച്ചു.  15ന് വൈകിട്ടോടുകൂടിയാണ് ഇവിടേക്ക് വെള്ളം കുതിച്ചെത്തിയത്. ടണലിൽ ഉൾപ്പെടെ മണൽ കയറി. ജനറേറ്ററുകൾ ഇരുന്ന ഭാഗം ഉൾപ്പെടെ വെള്ളത്തിൽപ്പെട്ടു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശേഷമേ വൈദ്യുതി ഉൽപ്പാദനം പുനരാരംഭിക്കാനാവൂ. ആറ് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപ്പാദിപ്പിച്ചുകൊണ്ടിരുന്നത്.
നാല് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പെരുനാട്ടിലും പ്രളയം വലിയ നാശമാണ് ഉണ്ടാക്കിയത്. രണ്ട് ജനറേറ്ററുകളും െവള്ളത്തിൽ മുങ്ങി. മണലും ചെളിയും നീക്കം ചെയ്തുവരുന്നു. പവർ ഹൗസിന്റെ മുക്കാൽ ഭാഗവും വെള്ളത്തിനടിയിലായിരുന്നു. കേടുപാടുകൾ തീർക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
സ്വകാര്യ മേഖലയിലുള്ള മണിയാർ കാർബോറാണ്ടം  പവർ ഹൗസിൽ 15ന് പകൽ 1.40ന് ആണ് വെള്ളം കയറിയത്. കടപുഴകിവന്ന വലിയ മരങ്ങൾ നിലയത്തിന്റെ ജനൽ തകർത്ത് അകത്തു കയറി. കിർലോസ്കൾ കമ്പനിയുടെ വിദഗ്ധർ ജനറേറ്ററുകൾ ക്രയോജനിക് ക്ലീനിങ് നത്തി വരുന്നു. 12 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നത്.
പമ്പാ ജലസേചന പദ്ധതിയുടെ മണിയാർ അണക്കെട്ടും മന്ത്രി സന്ദർശിച്ചു. പ്രളയത്തിൽ ഡാമിന്റെ മൂന്നും നാലും ഷട്ടറുകൾക്ക് തകരാർ സംഭവിച്ചു. വലിയ മരങ്ങൾ ഒഴുകിയെത്തി ഷട്ടറിൽ ഇടിച്ച് കേടുപാട് സംഭവിച്ചിട്ടുണ്ട്. കനാലും വലതുഭാഗത്തെ സംരക്ഷണ ഭിത്തിയും കരയും ഇടിഞ്ഞിട്ടുണ്ട്. ഇവിടെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി ഉൾപ്പെടെ നിർമിക്കാൻ 1.13 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
2008 നവംബറിൽ കമീഷൻ ചെയ്ത സ്വകാര്യ മേഖലയിലുള്ള അളളുങ്കൽ ഇഡിസിഎൽ (എനർജിòഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) വൈദ്യുത പദ്ധതിക്കും തകരാറുകൾ സംഭവിച്ചു. ജനറേറ്ററുകളിൽ ഉൾപ്പെടെ ചെളിയും മണ്ണും കയറി. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. രണ്ട് ജനറേറ്ററുകളുളള ഇവിടെനിന്ന് ഏഴു മെഗാവാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചിരുന്നത്.
കക്കാട്, മൂഴിയാർ പവർ സ്റ്റേഷനുകളും മന്ത്രി സന്ദർശിച്ചു. കക്കാട് 50 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. മൂഴിയാറിൽ ആറ് ജനറേറ്ററുകളിലായി 340 മെഗാവാട്ട് ശേഷിയാണ് ഉള്ളത്. 55 മെഗാവാട്ടിന്റെ നാലും 60 മെഗാവാട്ടിന്റെ രണ്ടും ജനറേറ്ററുകളുണ്ട്. വാർഷിക അറ്റകുറ്റപണിക്കായി 60 മെഗാാട്ടിന്റെ നാലാം നമ്പർ ജനറേറ്റർ മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച ഇവിടെനിന്ന് 629 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. 
മൂഴിയാർ വാൽവ് ഹൗസിന് സമീപം ഉരുൾ പൊട്ടിയ പ്രദേശവുംമന്ത്രിയും എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഉരുൾ പൊട്ടലിൽ ഏക്കർ കണക്കിന് വനപ്രദേശമാണ് ഒലിച്ചു പോയത്. തുടർന്ന് പമ്പയിലെ തകർന്നുപോയ പ്രദേശങ്ങളിൽ കെഎസ്ഇബി നടത്തുന്ന പ്രവർത്തനങ്ങളും നേരിൽ കണ്ട് വിലയിരുത്തി. 
കെഎസ്ഇബി ഡയറക്ടർ വേണുഗോപാൽ, ചീഫ്എൻജിനീയർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ സണ്ണി ജോൺ, അസി. എക്സിക്യുട്ടീവ് എൻജിനീയർ പി എസ് കോശി, എൻജിനീയർമാരായ രാജൻ, ഗണേശൻ, അസി. എൻജിനീയർ മീര എന്നിവരും പമ്പയിൽ വിതരണ വിഭാഗം ചീഫ് എൻജിനീയർ മോഹനനാഥപണിക്കരും  സന്നിഹിതരായിരുന്നു. 
സിപിഐ എം റാന്നി ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ്,  പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ സോമരാജൻ, ജോബി ടി ഈശോ, അഡ്വ. വി ജി സുരേഷ്, വടശ്ശേരിക്കര ലോക്കൽ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കബ്, സീതത്തോട് ലോക്കൽ സെക്രട്ടറി ടി എ നിവാസ്, പെരുനാട് പഞ്ചയത്തംഗം രാധാ പ്രസന്നൻ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ എത്തിയിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top