പത്തനംതിട്ട
കോൺഗ്രസ് തർക്കത്തിൽ സംസ്ഥാനത്തെങ്ങും എ, ഐ വിഭാഗം ഗ്രൂപ്പ് യോഗങ്ങൾ ചേരുമ്പോൾ ജില്ലയിൽ യോഗങ്ങൾ ചേരാനാകാതെ ഗ്രൂപ്പ് നേതാക്കൾ. എ വിഭാഗം എന്ന് അവകാശപ്പെട്ടിരുന്ന ചിലരുടെ നിസ്സംഗതയാണ് ഇതിന് കാരണമെന്ന് പറയുന്നു. ഏതു വിധത്തിലും തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിക്കാൻ ഇക്കൂട്ടർ നടത്തുന്ന രഹസ്യ നീക്കമായും ചിലർ ഇതിനെ കാണുന്നുണ്ട്.
എന്നാൽ ഒരു വിട്ടുവീഴ്ചയും ഇനിയും ഉണ്ടാകില്ലെന്ന് പ്രബലമായ എ, ഐ വിഭാഗം പ്രവർത്തകർ ഒന്നിച്ച് ആണയിടുന്നു. അണികളെ ലവലേശം വകവയ്ക്കാത്ത ജില്ലാ നേതൃത്വവുമായി ഒരു തരത്തിലും പൊരുത്തപ്പെട്ട് പോകാൻ സാധിക്കില്ലെന്ന് ഇവർ ആവർത്തിക്കുന്നു. തിരുവനന്തപുരത്ത് എ ഐ വിഭാഗം നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയെയും ബംഗളൂരുവിൽ ഉമ്മൻചാണ്ടിയെ കണ്ടതിന്റെയും തീരുമാനനുസരിച്ച് ഭാവി നീക്കം നടത്താമെന്ന നിലപാടിലാണ് ഇക്കൂട്ടർ . എന്നാൽ അത് വൈകരുതെന്നാണ് അണികൾക്കിടയിലെ അഭിപ്രായം.
ഉമ്മൻചാണ്ടിയുമായി ഏറെ അടുപ്പമുള്ള ജില്ലയിലെ എ വിഭാഗം നേതാക്കൾ ബംഗളൂരുവിൽ നേരിട്ട് പോകാനും ആലോചനയുണ്ട്. എ വിഭാഗത്തിൽനിന്ന് സീറ്റും മറ്റ് സ്ഥാനങ്ങളും നേടിയവരിൽ ചിലർ കാണിക്കുന്ന നിസ്സംഗത ജില്ലാ നേതൃത്വവുമായി ചിലർ നടത്തുന്ന രഹസ്യ നീക്കത്തിന്റെ സൂചനയുമായി വ്യാഖ്യാനിക്കുന്നു. സ്ഥലം എംപി ഉമ്മൻചാണ്ടിയുടെ അടുപ്പക്കാരനായിരുന്നെങ്കിലും നിലവിൽ ജില്ലയിലെ എ വിഭാഗത്തെ കൈവിട്ട അവസ്ഥയിലാണ്. അതു കൊണ്ടു തന്നെ എംപിക്കെതിരെ അതിശക്തമായ എതിർപ്പാണ് എ വിഭാഗം പ്രവർത്തകരിലുള്ളത്.
ലഭിക്കാവുന്ന സ്ഥാനങ്ങളെല്ലാം എതു വിധത്തിലും ഉറപ്പിച്ച ശേഷം അതിന് സഹായകരമായ വിഭാഗത്തെ തള്ളിക്കളയുന്ന പ്രവണത ഇനി തുടരാനനുവദിക്കരുതെന്നാണ് പൊതു നിലപാട്. അതുകൊണ്ടു തന്നെ പാർലമെന്ററി രംഗത്ത് മത്സരിക്കുന്നവർ രണ്ടു തവണയിൽ കൂടുതൽ മത്സരരംഗത്ത് ഉണ്ടാകരുതെന്ന ഉറച്ച നിലപാട് സ്വീകരിക്കാനാണ് തീരുമാനം.
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്പു തിയ ആളുകൾക്ക് പാർലമെന്ററി രംഗത്തേക്ക് വരുന്നതിന് അവസരം നൽകണമെന്ന് മാസങ്ങൾക്ക മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ജില്ലയിൽ സാധാരണ പ്രവർത്തകർക്കിടയിൽ അതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതു കൊണ്ടു തന്നെയാണ് എ വിഭാഗത്തിലെ ചില പ്രബലരും ജില്ലാ നേതൃത്വത്തിനെതിരെ നാവനുക്കുന്നതിൽ നിന്ന് പിന്മാറുന്നതെന്ന് അണിയറയിലെ സംസാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..