20 September Friday

അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര കർമപദ്ധതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

അടിയന്തര കർമ പദ്ധതി പരിചയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രൊഫ. പി ജയരാജ് ക്ലാസ് എടുക്കുന്നു

 പത്തനംതിട്ട

കാലവർഷം മൂലം അണക്കെട്ടുകൾ തുറന്നു വിടുന്ന സാഹചര്യത്തിൽ ഓരോ വകുപ്പുകളും ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തനങ്ങൾ എന്നിവ ഊർജിതപ്പെടുത്തുമെന്നും, അടിയന്തര കർമ പദ്ധതി തയാറാക്കിയതിലൂടെ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും കലക്ടർ പി ബി നൂഹ് പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അടിയന്തര കർമ പദ്ധതി പരിചയപ്പെടുത്തുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു  കലക്ടർ. സമഗ്രമായ കർമ പദ്ധതിയിലൂടെ ദുരന്തത്തിന്റെ വ്യാപ്തി ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും കലക്ടർ പറഞ്ഞു.
കെഎസ്ഇബിയുടെ അഞ്ച് അണക്കെട്ടുകളാണ് ജില്ലയിലുളളത്. പമ്പ, ആനത്തോട്, കക്കി, മൂഴിയാർ, വെളുത്തോട് അണക്കെട്ടുകൾ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായാണ് നിർമിച്ചിട്ടുളളത്. 340 മെഗാവാട്ട് സ്ഥാപിത ശേഷിയുളള ശബരിഗിരി പദ്ധതി കേരളത്തിലെ രണ്ടാമത്തെ വലിയ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടാണ്. ശരാശരി 1338 മില്ല്യൺ യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത‌്. ഈ ഡാമുകളുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങളാണ് അടിയന്തര കർമ പദ്ധതി.  
 
കേരളത്തിലെ അണക്കെട്ടുകളിൽ അപകടമുണ്ടായാൽ സ്വീകരിക്കേണ്ട ആക്ഷൻ പ്ലാനിന് രൂപം നൽകിയിട്ടില്ലെന്ന് 2017 ലെ സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്) വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജലകമ്മിഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വൈദ്യുതി ബോർഡ് അണക്കെട്ടുകൾക്കായി അടിയന്തര കർമ പദ്ധതി തയാറാക്കിയിട്ടുളളത്. അണക്കെട്ട് തകരുമ്പോഴോ കൂടുതൽ അളവിൽ വെളളം പുറത്തുവിടുമ്പോഴോ ജീവനും സ്വത്തുവകകൾക്കുമുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിലൂടെ സാധിക്കും. അണക്കെട്ട് തകരുമ്പോൾ വെളളമൊഴുകാൻ സാധ്യതയുളള പ്രദേശങ്ങളുടെ വിവരങ്ങൾ, പ്രളയ ഭൂപടം, അടിയന്തര അറിയിപ്പ് സംവിധാനം, ആശയവിനിമയം, വെളളപ്പൊക്ക നിയന്ത്രണം, ജനങ്ങളെ ഒഴിപ്പിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. 
പഞ്ചായത്ത്, വില്ലേജ്, താലൂക്ക് തുടങ്ങി എല്ലാ തലങ്ങളിലുമുളള ഉദ്യോഗസ്ഥരും കർമ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. പ്രധാനമായും അഞ്ച്ഘട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബി അധികൃതർ അണക്കെട്ടിന്റെ സ്ഥിതിഗതികൾ വിലയിരുത്തും. തുടർന്ന് അടിയന്തര സാഹചര്യമുണ്ടോയെന്ന് പരിശോധിക്കും. ഇത്തരം സാഹചര്യത്തിൽ ദുരന്തനിവാരണ വിഭാഗത്തിന് അറിയിപ്പ് നൽകും. ശേഷം പൊലീസ്, അഗ്നിശമന സേന, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ ചേർന്ന് നടപടികൾ സ്വീകരിക്കും. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ വിഭാഗം തുടർനടപടികൾ സ്വീകരിക്കും.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ പ്രൊഫ. പി ജയരാജ് ക്ലാസ് നയിച്ചു. ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, സബ് കലക്ടർ ഡോ. വിനയ് ഗോയൽ, എഡിഎം ക്ലമന്റ് ലോപ്പസ്, കെഎസ്ഇബി ചീഫ് എൻജിനിയർ ബിപിൻ ജോസഫ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി മോഹനൻ, ഫയർ ഓഫീസർ എം ജി രാജേഷ്, റാന്നി ഡിഎഫ്ഒ എം ഉണ്ണികൃഷ്ണൻ എന്നിവവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top